India - 2025

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെ‌സി‌ബി‌സി ജാഗ്രതാ കമ്മീഷൻ

23-09-2025 - Tuesday

കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-ല്‍ കോടതി വിധിയിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാര്‍ത്തോമാ ഭവന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി ചിലര്‍ രംഗത്ത് വരികയായിരിന്നു. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ 2 മണിയോടെ മാര്‍ത്തോമാ ഭവന്റെ ചുറ്റുമതില്‍ പൊളിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെയാണ് മാര്‍ത്തോമ്മാ ഭവനിലുള്ളവര്‍ സംഭവം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് പൊലീസെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും പ്രവൃത്തികള്‍ തുടര്‍ന്നിരിന്നു.

സംഭവം ഉണ്ടായ നാൾ മുതൽ ഇതൊരു വർഗീയ സംഘർഷമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിന്റെ തുടർച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വർഷങ്ങളായി കോടതിവ്യവഹാരമുള്ള സ്ഥലമാണിത്. കോടതിയിൽനിന്ന് ആശ്രമത്തിന് അനുകൂലമായി വിധി വരികയും കീഴ്ക്‌കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. മുൻസിഫ് കോടതിയിൽ നടക്കുന്ന മറ്റൊരു കേസിന്റെ വിധി ഈ ദിവസങ്ങളിൽ വരാനിരിക്കുമ്പോഴാണ് ഇപ്പോൾ കൈയേറ്റം ഉണ്ടായിട്ടുള്ളത്.

ആശ്രമത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് മുൻ ഉടമസ്ഥനുമായി നിയമവ്യവഹാരങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പ്രശ്നത്തെ വർഗീയരീതിയിൽ കാണാതിരിക്കാനുള്ള വിവേകവും പക്വതയും ആശ്രമവും സഭാധികാരികളും പുലർത്തിയിട്ടുണ്ടെന്നും ആശ്രമം സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്കലും എറണാകുളം -അങ്കമാലി അതിരൂപതയും ആവശ്യമായ കാര്യങ്ങൾ ക്രമപ്പെടുത്തുന്നുണ്ടെന്നും നിയമാനുസൃത നടപടികളിലൂടെ നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.


Related Articles »