India - 2025

പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ഒരു ആജീവനാന്ത യാത്രയുടെ ആരംഭമാണ്: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 23-09-2025 - Tuesday

കൊച്ചി: വൈദിക രൂപീകരണം സെമിനാരി പരിശീലന വർഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തിൽ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പുരോഹിതൻ തുടർച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ, പുരോഹിതനും നവീകരണത്തിനും പരിവർത്തനത്തിനും തുറന്നിരിക്കണം.

രൂപീകരണം പൗരോഹിത്യ സ്വീകരണത്തിൽ അവസാനിക്കുന്നില്ല - അത് നാം ജീവിക്കുന്ന കാലത്തിനനുസൃതമായ രൂപഭാവങ്ങൾ സ്വീകരിക്കുന്നു. വിശ്വസ്തതയോടും, വിനയത്തോടും കൂടെ, അജപാലന ശുശ്രൂഷയുടെയും വിശ്വാസികളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും മറുപടിയായി വിശുദ്ധിയിൽ വേരൂന്നിയ ഒരിക്കലും അവസാനിക്കാത്ത യാഥാർത്ഥ്യമാണിത്. യുവ പുരോഹിതരുടെ തുടർപരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞത്. സീറോമലബാർ മേജർ ആർകിഎപ്പിസ്‌കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദിക കമ്മീഷൻ സെക്രട്ടറി റവ. ഫാ. ടോം ഒലിക്കരോട്ട് എന്നിവരും പരിപാടിയിൽ സംസാരിച്ചു. സീറോ മലബാർ സഭയിലെ 14 രൂപതകളിൽനിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ബിഷപ് മാർ ടോണി നീലങ്കാവിൽ ചെയർമാനായിട്ടുള്ള വൈദീകർക്കുവേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


Related Articles »