News

ബഹ്‌റൈന്റെ കിരീടാവകാശി സൽമാൻ ബിന്‍ രാജാവ് ലെയോ പാപ്പയെ സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 30-09-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ബഹ്‌റൈന്‍ രാജ്യത്തിന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജാവ് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍വെച്ചായിരിന്നു കൂടിക്കാഴ്ച. ഇരുവരും നടത്തിയ സംഭാഷണത്തിനിടെ മതസ്വാതന്ത്ര്യവും ആരാധനാ അവകാശവും സംരക്ഷിക്കുന്നതിനുള്ള ബഹ്‌റൈന്റെ സമർപ്പണത്തെ സൽമാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു.

സഹവർത്തിത്വം, സഹിഷ്ണുത, അനുകമ്പ, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും വിശ്വാസങ്ങൾക്കിടയിൽ മതപരമായ ധാരണയും ഐക്യദാർഢ്യവും വളർത്തുന്നതിലും ലെയോ പാപ്പ വഹിക്കുന്ന പങ്കിന് സൽമാൻ രാജകുമാരൻ നന്ദി അര്‍പ്പിച്ചു. വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പരാമര്‍ശിച്ചതായി ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയുടെ സമാപനത്തില്‍ ബഹ്‌റൈൻ രാജകുമാരൻ പാപ്പയ്ക്കു മുത്തുകൾ പതിച്ച സ്വർണ്ണ ഈന്തപ്പനയും രാജ്യത്തിന്റെ വൈവിധ്യവും കരകൗശല വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന ഒരു പുസ്തകവും പാപ്പയ്ക്കു സമ്മാനം നല്‍കി.

പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ-ഖലീഫ, വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ-സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ-ഖലീഫ എന്നിവരും ലെയോ പാപ്പയെ കാണാന്‍ എത്തിയിരിന്നു. വത്തിക്കാന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വച്ചോവ്‌സ്‌കി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമയും ബഹ്റൈന്‍ സംഘം കൂടിക്കാഴ്ച നടത്തിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »