News - 2025

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലകളില്‍ ലോകത്തിന് നിശബ്ദത: അപലപിച്ച് ഹോളിവുഡ് താരം ബിൽ മഹർ

പ്രവാചകശബ്ദം 30-09-2025 - Tuesday

കാലിഫോര്‍ണിയ: നൈജീരിയയിൽ ക്രൈസ്തവര്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് അമേരിക്കൻ ഹാസ്യനടനും, രാഷ്ട്രീയ നിരൂപകനും, ടെലിവിഷൻ അവതാരകനുമായ ബിൽ മഹർ. സെപ്റ്റംബർ 26നു എച്ച്‌ബി‌ഓ ചാനലിന്റെ ടോക്ക് ഷോയായ റിയൽ ടൈം വിത്ത് ബിൽ മഹറിലാണ് നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയെ അപലപിച്ച് താരം രംഗത്ത് വന്നത്. ഗാസയിൽ നടക്കുന്നതിനേക്കാൾ വളരെ വലിയ ഒരു വംശഹത്യ ശ്രമമാണിതെന്നും ഒരു രാജ്യത്തെ മുഴുവൻ ക്രിസ്ത്യൻ ജനതയെയും ഇല്ലാതാക്കാൻ അവർ അക്ഷരാർത്ഥത്തിൽ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൈജീരിയ, ഈ വിഷയം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നത് വളരെ അത്ഭുതകരമാണെന്നു മഹർ പറഞ്ഞു. "നൈജീരിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, നിങ്ങളുടെ മാധ്യമ സ്രോതസ്സുകൾ മോശമാണ്. നിങ്ങൾ ഒരു കുമിളയിലാണ്. ഞാൻ ഒരു ക്രിസ്ത്യാനിയല്ല, പക്ഷേ അവർ നൈജീരിയയിലെ ക്രിസ്ത്യാനികളെ ആസൂത്രിതമായി കൊല്ലുകയാണ്. 2009 മുതൽ അവർ ഒരു ലക്ഷത്തിലധികം പേരെ കൊന്നൊടുക്കി. അവർ 18,000 പള്ളികൾ കത്തിച്ചു. ആക്രമണത്തിന് പിന്നില്‍ ബൊക്കോഹറാം ഇസ്ലാമിസ്റ്റുകളാണ്"- അദ്ദേഹം പറഞ്ഞു.

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ അമേരിക്കയില്‍ പൊതുജന പ്രതിഷേധം ഇല്ലാത്തതിനെയും വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിസംഗതയും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന്റെ അളവ് ഇതിനകം തന്നെ പരമാവധിയിലെത്തിയിട്ടുണ്ടെന്ന് വേള്‍ഡ് വാച്ച് ലിസ്റ്റിനെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറെ വെല്ലുവിളികളുള്ള ഓപ്പൺ ഡോഴ്സിന്റെ 2025 വേൾഡ് വാച്ച് ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടും വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,476 ക്രൈസ്തവരില്‍ 3,100 പേർ (69 ശതമാനം) നൈജീരിയയിലാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »