News - 2025

ആഫ്രിക്കന്‍ ക്രൈസ്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 30-09-2025 - Tuesday

വാഷിംഗ്ടൺ ഡി‌സി: ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ നേരിടുന്ന മെത്രാന്മാരോടും വിശ്വാസികളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. തുടർച്ചയായ സംഘർഷങ്ങൾക്കിടയിൽ മനുഷ്യജീവനോടും അന്തസ്സിനോടുമുള്ള ആദരവിന്റെ ആഴമായ സാക്ഷ്യമാണ് അവർ ലോകത്തിന് നൽകുന്നതെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഏലിയാസ് സൈദാൻ പറഞ്ഞു.

2025-ൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ അവരുടെ വീടുകളിൽ നിന്നും സമൂഹങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട്, പലായനം ചെയ്യാൻ നിർബന്ധിതരായി. സംഘർഷം, മതപരവും വംശീയവുമായ പീഡനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പാരിസ്ഥിതിക പ്രതിസന്ധികൾ എന്നിവയെ തുടര്‍ന്നു സുഡാൻ, ദക്ഷിണ സുഡാൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സഹേൽ മേഖല എന്നിവിടങ്ങളിലെ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കുന്നത് തുടരുന്നു. തീവ്രവാദ അക്രമങ്ങളുടെ വർദ്ധനവിനെ തുടര്‍ന്നു ക്രൈസ്തവരും മുസ്ലീങ്ങളും മറ്റ് വിശ്വാസികളും കൂട്ടക്കൊലകൾക്കു ഇരയാകുന്നു.

തട്ടിക്കൊണ്ടുപോകലുകൾ, നിർബന്ധിത നാടുകടത്തൽ എന്നിവയ്ക്കു ഇരയാകുന്നു. പ്രത്യേകിച്ചും, സമീപ നാളുകളിലായി നൈജീരിയയുടെ മധ്യഭാഗത്തും വടക്കൻ പ്രദേശങ്ങളിലും കിഴക്കൻ കോംഗോയിലും നൂറുകണക്കിന് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതിനെ ഓർക്കുന്നു. ഭൂഖണ്ഡത്തിൽ ശാശ്വത സമാധാനം, നീതി, സുരക്ഷ എന്നിവ കൊണ്ടുവരാൻ സർക്കാർ ഉദ്യോഗസ്ഥരും എല്ലാ വിശ്വാസ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ജീവൻ സംരക്ഷിക്കുന്നതിനു കത്തോലിക്കാ സഭയ്ക്കും യുഎസ് സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും യു‌എസ് മെത്രാന്‍ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »