News - 2026
യഹൂദരെ സംരക്ഷിച്ച വൈദികനോടുള്ള ആദരവിന്റെ ഭാഗമായി ഐറിഷ് തപാൽ വകുപ്പ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി
പ്രവാചകശബ്ദം 30-10-2025 - Thursday
ഡബ്ലിന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് 6,500 യഹൂദരെ സംരക്ഷിച്ച മോൺ. ഹ്യൂ ഒ'ഫ്ലാഹെർട്ടി തിരുപ്പട്ടം സ്വീകരിച്ചതിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഐറിഷ് തപാൽ വകുപ്പ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. അയർലണ്ടിലെ കൗണ്ടി കോർക്കിലാണ് അദ്ദേഹത്തിന്റെ ജനനം. പരിശുദ്ധ സിംഹാസനത്തില്‍ അദ്ദേഹം സേവനം ആരംഭിച്ച കാലയളവിലാണ് നാസികളില്‍ നിന്നു യഹൂദരെ സംരക്ഷിക്കുവാന്‍ ഇടപെടല്‍ നടത്തിയത്. 1925-ൽ റോമിൽ പട്ടം ലഭിച്ചതിനുശേഷം, ഈജിപ്ത്, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു.
1943 സെപ്റ്റംബർ മുതൽ 1944 ജൂൺ വരെയുള്ള കാലയളവിൽ നാസി സേനയുടെ റോം അധിനിവേശകാലത്ത് നാസി സേനയിൽ നിന്ന് ഒളിച്ചോടിയവരെ ഒളിപ്പിക്കാൻ മോണ്‍. ഒ'ഫ്ലാഹെർട്ടി റോമൻ കൂരിയായിലെ തന്റെ സ്ഥാനം ഉപയോഗിച്ചിരിന്നു. 6,500 യഹൂദരെ ആശ്രമങ്ങളിലും കോൺവെന്റുകളിലും വത്തിക്കാന്‍റെ വിവിധ താമസസ്ഥലങ്ങളിലും കാസ്റ്റൽ ഗാൻഡോൾഫോയിലും പോലും ഒളിപ്പിച്ച് സുരക്ഷിതരാക്കിയിരിന്നു.
ഒളിച്ചോടിയവരെ ഒ'ഫ്ലാഹെർട്ടി സ്വാഗതം ചെയ്യുന്നത് വത്തിക്കാൻ മണ്ണിലേക്ക് കടക്കാൻ കഴിയാതെ ജർമ്മൻ അധിനിവേശക്കാർക്ക് നിരാശയോടെ നോക്കി കാണാനേ കഴിഞ്ഞുള്ളൂ. ജർമ്മൻകാർക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഒ'ഫ്ലാഹെർട്ടി ഉയര്‍ത്തിയത്. അയര്‍ലണ്ടിന്റെ അഭിമാനമായാണ് മോൺ. ഹ്യൂ ഒ'ഫ്ലാഹെർട്ടിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സൂചന കൂടിയായിട്ടാണ് തിരുപ്പട്ട സ്വീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.

















