News

കത്തോലിക്ക സഭ മാതാവിനെ അവഗണിക്കുന്നുവോ? യാഥാർത്ഥ്യങ്ങളിലൂടെ ഒരു യാത്ര..!

ഫാ. ഡോ. അരുൺ കലമറ്റത്തിൽ/ പ്രവാചകശബ്ദം 06-11-2025 - Thursday

പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ സംബന്ധിക്കുന്ന നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെക്കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കാവുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. വിശ്വാസ പ്രബോധനങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ഏറ്റവും പുതിയ ‘ഡോക്ടറൈനൽ നോട്ട്’ ആണ് ഈ ചർച്ചകൾക്ക് ആധാരം.

ആശങ്കകൾ ‍

വിശ്വാസ കാര്യങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ മാതാവ്’ എന്ന് പരിഭാഷപ്പെടുത്താവുന്ന Mater Populi fidelis എന്ന പ്രബോധനം വഴി പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക, കൃപാവരത്തിന്റെ മാതാവ് (Mother of all Grace), സാർവത്രിക മധ്യസ്ഥ ( Universal mediator - മിശിഹാ ഏക മധ്യസ്ഥനായിരിക്കുന്നതുപോലെ മറിയത്തെ മധ്യസ്ഥ എന്നു വിളിക്കുന്നത്) എന്നീ വിശേഷണങ്ങളോടെ അവതരിപ്പിക്കുന്നത് ഉചിതമല്ല എന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാമറിയത്തിന് വലിയ പ്രാധാന്യം നൽകുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യ നിർദ്ദേശം നൽകിയതെന്ന ചോദ്യം ചിലരെയെങ്കിലും സ്വാഭാവികമായും ആശങ്കപ്പെടുത്താവുന്നതാണ്. കത്തോലിക്ക സഭ ഇനി മേലിൽ മാതാവിൻറെ മാധ്യസ്ഥം തേടുകയോ ദൈവത്തിൻറെ രക്ഷാകര പ്രവർത്തിയോട് അവളെ ബന്ധപ്പെടുത്തുകയോ അവളുടെ കൃപാവര പൂർണ്ണതയെ അംഗീകരിക്കുകയോ ചെയ്യുകയില്ലേയെന്നും സംശയിക്കപ്പെടാൻ ഇടയുണ്ട്.

യാഥാർഥ്യം ‍

ഒന്നാമതായി, കത്തോലിക്കാ സഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷകയായി പഠിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലായെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ചരിത്രത്തിൽ ചിലരെങ്കിലും മാതാവ് സഹരക്ഷകയാണെന്ന് കരുതിയിട്ടുണ്ട് താനും. ഉദാഹരണത്തിന് വിശുദ്ധ ബർണാഡിന്റെ കുരിശിൻ ചുവട്ടിലെ മറിയത്തെ കുറിച്ചുള്ള പത്താം നൂറ്റാണ്ടിലെ പ്രഭാഷണങ്ങൾ പിന്നീട് സഹരക്ഷകയെന്ന് പലരും മറിയത്തെ വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ സാൽസ്ബുർഗ്ൽ നിന്നുള്ള ഒരു ഗാനമാണ് മറിയത്തെ ആദ്യമായി സഹരക്ഷകയെന്നു വിളിച്ചത്. തുടർന്ന് പലരും അത് സഭയുടെ പ്രബോധനമാണെന്നു തെറ്റിദ്ധരിക്കുകയും മാതാവിനെ സഹരക്ഷകയായി വാഴ്ത്തുകയും ചെയ്തു.

ചില ഭക്തസംഘടനകളും സമൂഹങ്ങളും പരിശുദ്ധ പിതാവിനോട് മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുപോലുമുണ്ട്. ചില മാർപാപ്പമാരെങ്കിലും ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമല്ലാതെ, വ്യത്യസ്തമായ ഒരർത്ഥത്തിൽ മറിയത്തെ സഹരക്ഷക എന്ന വിധത്തിൽ പരാമർശിച്ചിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ ഒരു കാലത്തും മറിയം സഹരക്ഷകയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിച്ചിട്ടില്ലായെന്നു മാത്രമല്ല അവൾ സഹരക്ഷകയായി കരുതപ്പെടരുതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് താനും. വിശ്വാസ തിരുസംഘത്തിന്റെ പ്രിഫക്ട് ആയിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ മറിയത്തെ സഹരക്ഷകയായോ കൃപാവരങ്ങളുടെ മധ്യസ്ഥയായോ അംഗീകരിക്കാനാവില്ലായെന്ന് 1996 ൽ വ്യക്തമായി പ്രഖ്യാപിച്ചു. അതൊരു വിശ്വാസ സത്യമായി നിർവചിക്കണം എന്ന അപേക്ഷയെ നിരാകരിച്ചു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.

പിന്നീട് ഫ്രാൻസിസ് പാപ്പ തൻറെ പ്രഭാഷണങ്ങളിൽ പലതവണ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. “സ്നേഹം വർധിക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകൾ അതിശയോക്തി കലർന്നതായി തീരാൻ ഇടയുണ്ട്” എന്ന് പാപ്പ സരസമായി ഓർമ്മിപ്പിച്ചിരുന്നു. നിഷ്കളങ്കമായ മരിയൻ സ്നേഹത്തിൻറെ തീവ്രവും എന്നാൽ അതിശയോക്തിപരവുമായ പരാമർശങ്ങളാണ് ഇവയൊക്കെയെന്നാണ് പാപ്പ പറഞ്ഞത്. പക്ഷേ നാം അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തിരുന്നു. ഇതിൻറെ തുടർച്ച എന്നോണമാണ് ഇപ്പോൾ വിശ്വാസ പ്രബോധനത്തിന്റെ ഡിക്കാസ്റ്ററി വഴി ഇത്തരം പരാമർശങ്ങൾ ഉചിതമല്ലായെന്നും ഒഴിവാക്കപ്പെടണമെന്നും തിരുസഭ ഔദ്യോഗികമായി ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്തുകൊണ്ട്? ‍

മറിയത്തെ ഇത്രമേൽ വിലമതിക്കുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് എല്ലാകാലത്തും ഇത്തരമൊരു നിലപാട് എടുക്കുന്നത് എന്നതൊരു ഗൗരവമുള്ള ചോദ്യമാണ്. മിശിഹായിലൂടെയുള്ള രക്ഷയെ കുറിച്ചുള്ള തിരുസഭയുടെ വ്യക്തതയുള്ള ബോധ്യമാണ് ഈ നിലപാടിന് ആധാരം. ''ഈശോമിശിഹായാണ് ഏക രക്ഷക''നെന്നും മിശിഹായുടെ മനുഷ്യാവതാരവും പരിത്രാണ രഹസ്യങ്ങളുമാണ് മനുഷ്യരക്ഷ സാധ്യമാക്കിയതെന്നും എല്ലാ കാലത്തും തിരുസഭ വ്യക്തതയോടെ പ്രഖ്യാപിക്കുന്നു. മനുഷ്യരക്ഷ ദൈവത്തിന്റെ പ്രവർത്തിയാണ്. ത്രീത്വൈക ദൈവം ഈശോ മിശിഹാ വഴിയാണ് മനുഷ്യവംശത്തെ വീണ്ടെടുക്കുന്നത്. മിശിഹായിലൂടെ യാഥാർത്ഥ്യമാക്കുകയും പൂർത്തീകരിക്കുകയും ചെയ്ത രക്ഷാകര കർമ്മത്തിന് മറ്റ് ആരുടെയും സഹായമോ പങ്കാളിത്തമോ ആവശ്യമില്ല. അത് ദൈവത്തിൻറെ വലിയ ഔദാര്യവും സ്നേഹത്തിൻറെ പ്രവർത്തിയുമാണ്. ‘മറിയം സഹരക്ഷകയാണ്’ എന്ന് പറയുമ്പോൾ മിശിഹായുടെ രക്ഷാകർമ്മം അതിൽ തന്നെ അപൂർണ്ണമാണെന്നോ മറിയത്തിന്റെ സഹായം കൂടാതെ അത് സാധ്യമാവുകയില്ലായിരുന്നു എന്നോ കരുതപ്പെടാനുള്ള സാധ്യതയുണ്ട്.

സമാനമായി, മറിയം കൃപാവരത്തിന്റെ അമ്മയാണെന്ന് പറയുമ്പോൾ എല്ലാ കൃപകളും മറിയത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ട്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വർഷിക്കുന്നത് അവിടുന്ന് സ്ഥാപിച്ച പരിശുദ്ധ കൂദാശകളിലൂടെയാണ്. ഇനി നിത്യ സത്യത്തെ കൃപാവരത്തിന്റെ അമ്മ എന്ന പ്രയോഗം വികലമാക്കാൻ ഇടയുണ്ട്.

ഇവയെക്കാൾ കൂടുതൽ ശ്രദ്ധയാവശ്യമുള്ള ഒരു പരാമർശമാണ് ‘മധ്യസ്ഥയായ മാതാവ്’ എന്നത്. ദൈവത്തിനും മനുഷ്യനും ഇടയിൽ ഏക മധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏക മധ്യസ്ഥത്തിന് സമാനമായി മാതാവിനെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം.

മാതാവിന് നമുക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കാൻ കഴിയും എന്നതും ‘അവൾ മധ്യസ്ഥയാണ്’ എന്നതും ദൈവശാസ്ത്രപരമായി വലിയ വ്യത്യാസമുള്ള പരാമർശങ്ങളാണ്. ഈശോമിശിഹാ ‘ഏക മധ്യസ്ഥൻ’ ആയിരിക്കുന്നത് അവിടുന്ന് ഒരേസമയം പൂർണ ദൈവവും പൂർണ്ണ മനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്വത്തിന്റെയും മനുഷ്യാവസ്ഥയുടെയും മധ്യസ്ഥത പുലർത്തുന്ന മറ്റാരുമില്ലായെന്നാണ് മിശിഹാ ഏക മധ്യസ്ഥൻ എന്നതിൻറെ അർത്ഥം. എന്നാൽ മറിയവും വിശുദ്ധരും ജീവിച്ചിരിക്കുന്ന നമുക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം യാചിക്കാൻ കഴിവുള്ളവരാണെന്നും തിരുസഭയ്ക്ക് അറിയാം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ മധ്യസ്ഥയെന്ന് മറിയത്തെ വിളിക്കുന്നത് വലിയ തെറ്റിദ്ധാരണകൾക്ക് ഇട വരുത്തുമെന്ന് കത്തോലിക്കാ സഭയ്ക്ക് നല്ല ബോധ്യമുണ്ട്. അവളുടെ മധ്യസ്ഥ സഹായം തേടുന്നതിന് സഭ പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.

അത്തരം സാധ്യതകളെയാണ് തിരുസഭ ഈ പ്രബോധനം വഴി ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ദൈവശാസ്ത്രപരമായ സൂക്ഷ്മത ഭാവിയിൽ ഉടലെടുക്കാവുന്ന അബദ്ധപ്രബോധനങ്ങളെ തടയുന്നതിനും വിശ്വാസ സംബന്ധമായ വ്യക്തത നൽകുന്നതിനും ആവശ്യമാണ്.

സഭയിൽ മറിയത്തിൻ്റെ സ്ഥാനമെന്ത്? ‍

അങ്ങനെയെങ്കിൽ മറിയത്തിന് ഈ രക്ഷാകർമ്മത്തിൽ പങ്കാളിത്തം ഒന്നുമില്ലേ? തീർച്ചയായും ഉണ്ട് എന്ന് തന്നെയാണ് തിരുസഭ മനസ്സിലാക്കുന്നത്. ആ പങ്കാളിത്തം ദൈവീക പദ്ധതിയോടുള്ള വിധേയപ്പെടലാണ്. "ഇതാ കർത്താവിൻറെ ദാസി" എന്ന അവളുടെ പ്രഖ്യാപനം ദൈവീക പദ്ധതിയോടുള്ള തൻറെ വിധേയത്വം പ്രഖ്യാപിക്കലാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇങ്ങനെ പ്രഖ്യാപിച്ചു “സഭാ പിതാക്കന്മാർ മറിയത്തെ പരിഗണിക്കുന്നത് കേവലം ഒരുനിഷ്ക്രിയമായ ദൈവത്തിൻറെ ഉപകരണം പോലെയല്ല. അവൾ വിശ്വാസം കൊണ്ടും അനുസരണം കൊണ്ടും സ്വാതന്ത്ര്യത്തോടെ ദൈവത്തിൻറെ മനുഷ്യ രക്ഷയുടെ പ്രവർത്തിയിൽ സഹകരിച്ചവളാണ്”. അവൾ തന്നെത്തന്നെ ദൈവഹിതത്തിന് വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകുവാൻ സഹനപൂർവ്വം സന്നദ്ധയാവുകയും ചെയ്തു. ഈ അർത്ഥത്തിലാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ മിശിഹായുടെ രക്ഷാ പദ്ധതിയോട് ‘അവൾ സഹകരിച്ചു’ എന്ന പ്രസ്താവിച്ചത്. അവളുടെ സഹായം കൊണ്ടാണ് മനുഷ്യ രക്ഷ സാധ്യമായത് എന്നായിരുന്നില്ല അതിൻറെ അർത്ഥം എന്നുമാത്രം.

പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ എക്കാലത്തും വലിയ സ്ഥാനമാണുള്ളത്. ഉന്നതമായ വണക്കത്തിന് യോഗ്യയാണ് അവൾ. ആ വണക്കം ആരാധനയല്ല. ആരാധന ദൈവത്തിന് മാത്രമുള്ളതാണ്. മറിയം ദൈവമല്ലായെന്നും ദൈവത്തിന് അവൾ ഒരിക്കലും തുല്യയല്ലായെന്നും കത്തോലിക്കാസഭയ്ക്ക് വ്യക്തമായി അറിയാം.

എന്നാൽ അവൾ വിശ്വാസികളുടെ അമ്മയാണ്. മാതൃത്വത്തിന്റെ തീവ്രവും പരിശുദ്ധവുമായ ഒരു ബന്ധം അവൾക്ക് വിശ്വാസ സമൂഹത്തോട് പൊതുവിലും തൻറെ പുത്രനിൽ വിശ്വസിക്കുന്ന ഓരോരുത്തരോടുമുണ്ട്. അവൾ ഈശോയുടെ അമ്മ ആയിരിക്കുമ്പോൾ തന്നെ അവിടുത്തെ ഉത്തമയായ ശിഷ്യകൂടെയാണ്. അവൾ മിശിഹായിൽ നിന്ന് പഠിക്കുകയും അവയെ ഗാഢമായി ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്തു. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാൻ വിശ്വാസ ബോധ്യവും ആത്മധൈര്യവും അവൾക്കുണ്ടായിരുന്നു. പൂർണ്ണമായും മനുഷ്യസ്ത്രീയായ അവൾ തിരുസഭയുടെ ദൃശ്യ മാതൃകയാണ്. മറ്റാരെയും പോലെ പാപസാധ്യതകൾ ഉണ്ടായിരുന്നിട്ടും തനിക്കു ലഭിച്ച ഉദ്ഭവ പരിശുദ്ധിയിൽ പരിപൂർണ്ണതയോടെ അവൾ നിലനിന്നു. അക്കാരണത്താൽ അവളുടെ ജീവിതം സഭയ്ക്ക് മാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ അവൾ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെട്ടെങ്കിൽ അവളെ അനുകരിക്കുന്ന സഭ മുഴുവനും അതെ സ്വർഗ്ഗ പ്രവേശനത്തിന് അർഹമാണ്. അതുകൊണ്ട് തിരുസഭയിൽ മനുഷ്യരിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് അവൾ.

അവൾ എങ്ങനെ വിളിക്കപ്പെടണം? ‍

സഹരക്ഷകയെന്നും കൃപാവരത്തിന്റെ അമ്മയെന്നും വിളിക്കപ്പെടുന്നത് എന്ന് പറയുന്നതിന് വേണ്ടി മാത്രമല്ല ഈ രേഖ നൽകപ്പെട്ടിരിക്കുന്നത്. അവൾ എങ്ങനെ ശരിയായി വിളിക്കപ്പെടണമെന്ന് ഓർമിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ്. മറിയം വിളിക്കപ്പെടേണ്ടത് 'വിശ്വാസികളുടെ മാതാവ്' എന്നാണ്. ദൈവമായ ഈശോയ്ക്ക് ജന്മം കൊടുക്കുക വഴി അവൾ ദൈവമാതാവ് എന്നും ശരിയായ അർത്ഥത്തിൽ വിളിക്കപ്പെടണം. അവൾ ദൈവകൃപ നിറഞ്ഞൊഴുകുന്ന നീരരുവിയാണ്. ‘വിശ്വാസികളായ ജനത്തിന്റെ അമ്മ’ എന്ന അവൾ ഏറ്റവും ഉചിതമായി വിളിക്കപ്പെടണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ പ്രബോധന രേഖ നൽകപ്പെട്ടിരിക്കുന്നത്.

വിശ്വാസ ജീവിതത്തിൻറെ വിവേകവും സൂക്ഷ്മതയും ‍

മനുഷ്യാവതാരം ചെയ്ത പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ മിശിഹായിൽ നിന്ന് തീർത്തും വിഭിന്നമായി പരിപൂർണ്ണമായി മനുഷ്യവ്യക്തി മാത്രമാണ് പരിശുദ്ധ കന്യകാമറിയം എന്ന ഓർമ്മയും ബോധ്യവും എപ്പോഴും നിലനിർത്തുന്ന വിധത്തിലാണ് സഭാ ജീവിതവും അജപാലന ശുശ്രൂഷയും ക്രമീകരിക്കപ്പെടേണ്ടത്. മാതാവിൽ ഏതെങ്കിലും തരത്തിലുള്ള ദൈവത്വം ആരോപിക്കുന്നതും അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന വിധത്തിലുള്ള ആചാര അനുഷ്ഠാനങ്ങൾ പിന്തുടരുന്നതും സൂക്ഷ്മതയോടെ ഒഴിവാക്കേണ്ടതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം ഈശോമിശിഹാ മാത്രമാണെന്നു നിരന്തരം ഓർമിപ്പിക്കപ്പെടേണ്ടതുണ്ട്. പ്രാർത്ഥനകളിലും പ്രഘോഷണങ്ങളിലും ആഘോഷങ്ങളിലും തിരുനാളുകളിലും ഒക്കെ ഈശോമിശിഹായുടെ പ്രാമുഖ്യം വിവേകത്തോടെ പ്രകടമാക്കണമെന്നു തന്നെയാണ് മറിയം തന്നെയും ആഗ്രഹിക്കുന്നതെന്ന് തിരുസഭയ്ക്ക് നല്ല ബോധ്യമുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »