India - 2026
ദളിത് ക്രൈസ്തവരെ മത്സരിപ്പിക്കാൻ പാർട്ടികൾ താത്പര്യപ്പെടണം: കെസിബിസി
പ്രവാചകശബ്ദം 13-11-2025 - Thursday
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് ക്രൈസ്‌തവ അംഗങ്ങളെ പ്രത്യേക പരിഗണന നൽകി മത്സരിപ്പിക്കാൻ തയാറാകണമെന്ന് കെസിബിസി എസ്‌സി-എസ്‌ടി കമ്മിഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ ഏഴര ശതമാനത്തിൽ അധികം വരുന്ന ദളിത് ക്രൈസ്‌തവർക്ക് പ്രാദേശികഭരണ തലങ്ങളിൽ നാമമാത്രമായ പങ്കാളിത്തം മാത്രമാണുള്ളത്.
മതേതരത്വ ഭാരതത്തിൽ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചു എന്ന ഒറ്റ കാരണത്താൽ പട്ടികജാതി സംവരണം നിഷേധിക്കുന്നപ്പെടുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശിക ഭരണ സമിതികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കെസിബിസി എസ് സി-എസ്ടി കമ്മീഷൻ യോഗം ആവശ്യപ്പെട്ടു.
കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ, തിരുവനന്തപുരം മലങ്കര അതിരൂപത ഡിസിഎംഎസ് ഡയറക്‌ടർ ഫാ. ജോൺ അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്‌ടർ ഫാ. അഡ്വ ബെന്നി കുഴിയടി, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്‌ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു.

















