News - 2026
റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹിതനായി
പ്രവാചകശബ്ദം 19-11-2025 - Wednesday
ബ്ലാജ്: കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ക്ലോഡിയു-ലൂസിയൻ പോപ്പിന്റെ സ്ഥാനാരോഹണം നടന്നു. ബ്ലാജ് കത്തീഡ്രലിൽ ശനിയാഴ്ച്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ക്ലൗദിയോ ഗുജറോത്തി പങ്കെടുത്തു. ഗ്രീക്ക് കത്തോലിക്കാ സഭ, ഒരു പൗരസ്ത്യ സഭയെന്ന നിലയിലും പാപ്പയുമായി കൂട്ടായ്മയിലുള്ള സഭയെന്ന നിലയിലും ആഗോളസഭയുടെ അഭിമാനവും പ്രതീക്ഷയുമാണെന്ന് കർദിനാൾ ക്ലൗദിയോ ഗുജറോത്തി പറഞ്ഞു.
സ്ഥാനാരോഹണ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കവേയാണ് കർദ്ദിനാൾ ഇക്കാര്യങ്ങൾ പരാമർശിച്ചത്. പൗരസ്ത്യ സഭകളുടെ സുഗമമായ നടത്തിപ്പിനും, വിശ്വാസികളുടെ ആവശ്യങ്ങൾക്കും ഉതകും വിധം എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്നതിനെ സംബന്ധിച്ച് ഡിക്കാസ്റ്ററി കൂടുതൽ പഠനങ്ങൾ നടത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, ലെയോ പതിനാലാമൻ പാപ്പായുടെ അനുഗ്രഹാശ്ശിസുകളും അറിയിച്ചു.
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇരുണ്ട വർഷങ്ങൾക്ക് ശേഷം റോമുമായി ഐക്യപ്പെട്ട റൊമാനിയൻ ഗ്രീക്ക് - കത്തോലിക്കാ സഭയുടെ മുന്‍ തലവനായിരിന്ന, കർദ്ദിനാൾ ലൂസിയൻ മുറേസന്റെ ജീവിതം ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. റൊമാനിയ, അമേരിക്ക, കാനഡ തുടങ്ങീയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളാണുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















