News - 2026
തിരുപിറവിയുടെ ഓര്‍മ്മയ്ക്കു പത്തു ലക്ഷത്തോളം കുരുന്നുകളെ ഒരുക്കാന്‍ 'തിയോ'
പ്രവാചകശബ്ദം 24-11-2025 - Monday
ന്യൂയോര്‍ക്ക്: കുട്ടികൾക്കും മാതാപിതാക്കൾക്കും ആഗമനകാലം അനുഗ്രഹീതമാക്കി തിരുപിറവിയ്ക്ക് വേണ്ടി ഒരുക്കുവാന്‍ പുതിയ ഉദ്യമവുമായി കത്തോലിക്ക ആപ്ലിക്കേഷനായ 'തിയോ'. ആഗമന കാലത്തെ കത്തോലിക്കാ പ്രാർത്ഥനകളും മറ്റ് ഒരുക്കങ്ങളുമായി ആഗമന കാലത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്താൻ കുട്ടികളെ സഹായിക്കുന്നതിനായാണ് ആപ്ലിക്കേഷനില്‍ വിവിധ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 24 വരെ, കഥകൾ, പാട്ടുകൾ, പ്രവർത്തനങ്ങൾ, അനുദിന ചിന്തകൾ എന്നിവ നിറഞ്ഞ 25 ദിവസത്തെ യാത്രയിൽ പത്തു ലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കത്തോലിക്ക നടൻ ഡേവിഡ് ഹെൻറി, ഫാ. ആംബ്രോസ് ക്രിസ്റ്റെ എന്നിവരുൾപ്പെടെ നിരവധി പ്രത്യേക അതിഥികളും അനുദിന ആഗമനകാല പരിപാടികളിലൂടെ ലക്ഷകണക്കിന് കുട്ടികളോട് സംവദിക്കും. ഓരോ ദിവസവും സുവിശേഷത്തിലെ ആദ്യ രണ്ട് അധ്യായങ്ങളിലെ ഭാഗങ്ങളിലൂടെ കടന്നുപോകും. അതോടൊപ്പം കുട്ടികൾക്ക് മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട ധ്യാന ചിന്തകളും ചോദ്യങ്ങളും ഉണ്ടായിരിക്കും.
വിശുദ്ധരുടെ കഥകൾ, പാട്ടുകൾ, മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ തുടങ്ങീ നിരവധി കാര്യങ്ങളാണ് ആപ്പില്‍ ലഭ്യമാക്കുക. കുട്ടികളെ ദൈവവചനം കേൾക്കാനും യേശുവിന്റെ ജനനത്തിനായി അവരുടെ ഹൃദയങ്ങളെ ഒരുക്കാനും സഹായിക്കുന്ന വിധത്തിലാണ് ആപ്പില്‍ പുതിയ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് 'തിയോ'യുടെ സിഇഒ ഫ്രാൻസിസ്കോ കോർനെജോ പറഞ്ഞു. ഏഴ് മാസം മുമ്പ് ആരംഭിച്ച തിയോ ആപ്ലിക്കേഷന്‍ 2 ദശലക്ഷത്തിലധികം പേരാണ് ഉപയോഗിക്കുന്നത്.
** ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ **
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















