News - 2026
നൈജീരിയയിലെ തട്ടിക്കൊണ്ടുപോകല്‍; ദുഃഖം പ്രകടിപ്പിച്ച് ലെയോ മാർപാപ്പ
പ്രവാചകശബ്ദം 24-11-2025 - Monday
അബൂജ: നൈജീരിയയിലും കാമറൂണിലും അടുത്തിടെ കത്തോലിക്കാ വൈദികരെയും വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയ സംഭവങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. മോചനത്തിനായി അധികാരികള്‍ വേഗത്തിൽ നടപടിയെടുക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ നവംബർ 23 ഞായറാഴ്ച വത്തിക്കാനിൽ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തട്ടിക്കൊണ്ടുപോയ സംഭവങ്ങളെക്കുറിച്ച് "അങ്ങേയറ്റം ദുഃഖത്തോടെ" ആണ് താൻ അറിഞ്ഞതെന്നു ലെയോ പാപ്പ പറഞ്ഞു.
തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണവും അവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥയും കാരണം സ്ഥിതി വേദനാജനകമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. "തട്ടിക്കൊണ്ടുപോയ നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ ദുഃഖിതരായ കുടുംബങ്ങളെയും ഓർത്ത് എനിക്ക് അഗാധമായ വേദന തോന്നുന്നു. ബന്ദികളായവരെ ഉടൻ മോചിപ്പിക്കണമെന്ന് ഞാൻ ഹൃദയംഗമമായ അഭ്യർത്ഥന നടത്തുന്നു"- ലെയോ മാര്‍പാപ്പ പറഞ്ഞു. അവരുടെ മോചനം ഉറപ്പാക്കാൻ ഉചിതമായതും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ അധികാരികളോടും പാപ്പ അഭ്യർത്ഥന നടത്തി.
"നമ്മുടെ ഈ സഹോദരീസഹോദരന്മാർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം, പള്ളികളും സ്കൂളുകളും എല്ലായ്പ്പോഴും എല്ലായിടത്തും സുരക്ഷിതത്വത്തിന്റെയും പ്രത്യാശയുടെയും സ്ഥലങ്ങളായി നിലനിൽക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ഇസ്ളാമിക തീവ്രവാദികളും ഗുണ്ടാസംഘങ്ങളും നടത്തുന്ന ആക്രമണങ്ങളും മോചനദ്രവ്യത്തിനായി നടത്തുന്ന തട്ടിക്കൊണ്ടുപോകലുകളും ഉള്‍പ്പെടെ നൈജീരിയയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ക്രൈസ്തവരാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതിലേറെയും. കഴിഞ്ഞ ദിവസം നൈജീരിയായിലെ കത്തോലിക്ക സ്കൂളില്‍ നിന്നു 315 വിദ്യാര്‍ത്ഥികളെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















