News - 2026
കാമറൂണിൽ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം
പ്രവാചകശബ്ദം 04-12-2025 - Thursday
യൗണ്ടെ: നവംബർ 15ന് തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ ബാബെസിയിലെ ഇടവക വികാരിയ്ക്കു മോചനം. ഫാ. ജോൺ ബെരിൻയുയ് ടാറ്റ എന്ന വൈദികനാണ് മോചനം ലഭിച്ചിരിക്കുന്നത്. നവംബർ 26നുള്ളില്‍ വൈദികനെ അധികാരികള്‍ മോചിപ്പിച്ചില്ലെങ്കിൽ മേഖലയിലെ കത്തോലിക്കാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ബമെൻഡയിലെ ആർച്ച് ബിഷപ്പ് ആൻഡ്രൂ എൻകിയ ഫ്യൂന്യ വ്യക്തമാക്കിയിരിന്നു.
നിശ്ചയിച്ച സമയപരിധിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഡിസംബർ 2ന് അദ്ദേഹത്തിന്റെ മോചനം. കഴിഞ്ഞ ആഴ്ച, അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് അതിരൂപത മാർച്ച് സംഘടിപ്പിച്ചിരിന്നു. നവംബർ 15ന് വിശുദ്ധ കുർബാന അര്‍പ്പണത്തിന് ശേഷം എൻഡോപ്പ് സർവകലാശാലയിലെ പാക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനായി പോകുമ്പോള്‍ ഫാ. ജോണിനെയും മറ്റൊരു വൈദികനെയും തട്ടിക്കൊണ്ടുപോകുകയായിരിന്നു.
രണ്ട് വൈദികരെയും അംബാസോണിയയിൽ നിന്നുള്ള വിഘടനവാദികളായ ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയത്. നവംബർ 18ന് നാല് വൈദികരെയും ഒരു അല്‍മായനെയും അക്രമികള്‍ പിടികൂടിയിരിന്നു. വൈകാതെ നവംബർ 20ന് മറ്റ് വൈദികരെ വിട്ടയച്ചെങ്കിലും ഫാ. ജോൺ തടവുകാരുടെ കൈകളിൽ തുടരുകയായിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















