News
അമേരിക്കയില്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്‍
പ്രവാചകശബ്ദം 23-01-2026 - Friday
വാഷിംഗ്ടൺ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ഒരുക്കമായി അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്‍. മാർച്ച് ഫോർ ലൈഫിന്റെ തലേ ദിവസമായ ഇന്നലെ രാത്രി നടന്ന ദിവ്യബലിയിലും ജാഗരണ ആരാധനയിലും പങ്കെടുക്കുവാനാണ് സ്ത്രീകളും യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തിയത്.
ഗർഭഛിദ്രം നിയമവിരുദ്ധമാക്കുക മാത്രമല്ല, ഗർഭഛിദ്രം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാക്കി മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ലിങ്കൺ രൂപത ബിഷപ്പ് ജെയിംസ് ഡി. കോൺലി പ്രസംഗത്തിനിടെ പറഞ്ഞു. ദയാവധം, തോക്ക് അക്രമം, വധശിക്ഷ, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും കഷ്ടപ്പാടുകൾ, വംശീയത, ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതക്കുറവ് തുടങ്ങി സമൂഹത്തിൽ മനുഷ്യ ജീവന്റെ അന്തസ്സിന് നിരവധി ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ എത്തിയവരില്‍ ഏറെയും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ആരാധനയിലും ജപമാലയുടെ പ്രകാശ രഹസ്യങ്ങൾ ധ്യാനിച്ചുള്ള പ്രാര്‍ത്ഥനയിലും വിശ്വാസികള്‍ ഭാഗഭാക്കായി. തുടർച്ചയായ 47-ാമത്തെ ദേശീയ ജാഗരണ പ്രാർത്ഥനയ്ക്കാണ് രാജ്യ തലസ്ഥാനത്തെ പ്രമുഖ ദേവാലയം വേദിയായത്. ഭ്രൂണഹത്യ വിധേയമാക്കിയ സുപ്രീം കോടതി വിധി റോ വി. വേഡ് വന്നു ആറ് വർഷങ്ങൾക്ക് ശേഷമാണ്, 1979-ൽ ബസിലിക്ക ജാഗരണ പ്രാര്‍ത്ഥനയ്ക്കു ആതിഥേയത്വം വഹിക്കാൻ തുടങ്ങിയത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?


















