India - 2026
ഡൽഹിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്‌കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധം
പ്രവാചകശബ്ദം 24-01-2026 - Saturday
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്‌തവ മാനേജ്‌മെൻ്റിനു കീഴിലുള്ള സ്‌കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധം. ഡൽഹി ബുരാരിയിലുള്ള മൗണ്ട് ഒളിവറ്റ് സീനിയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു സംഭവം. അന്‍പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്‌കൂളിൻ്റെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. സ്‌കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാരെ സ്‌കൂളിനകത്തേക്ക് കടത്തിവിടാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചാണു തടഞ്ഞത്.1993ൽ സ്ഥാപിതമായ സ്‌കൂളിൽ ഇതുവരെയും മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇനിയുമുണ്ടാകില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തക മീനാക്ഷി സിംഗ് പ്രതികരിച്ചത്. പ്രതിഷേധിച്ചവർ ബജ്‌രംഗ്‌ദൾ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരുമാണെന്ന് കരുതുന്നതായും സംഭവമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്‍പും ഇത്തരത്തിൽ സ്‌കൂളിനുനേരേ പ്രതിഷേധമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















