India - 2026
മാർ ഡോമിനിക് കൊക്കാട്ടിനു യാത്രാമൊഴി
പ്രവാചകശബ്ദം 27-01-2026 - Tuesday
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ രൂപതയുടെ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്തരേന്ത്യൻ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു മാർ ഡോമിനിക് കൊക്കാട്ടെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. "ദൈവം എന്റെ പ്രകാശവും എന്റെ രക്ഷയുമാണ്" എന്ന തന്റെ ആപ്തവാക്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനേകർ അദ്ദേഹത്തിലൂടെ മിശിഹായുടെ പ്രകാശം കണ്ടെന്നും മേജർ ആർച്ച്ബിഷപ്പ് അനുസ്മരിച്ചു.
മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച മേജർ ആര്‍ച്ച് ബിഷപ്പ്, വിശുദ്ധ കുർബാന സ്വീകരണത്തിന് ശേഷം അനുശോചന സന്ദേശം നൽകി. തെരേസ്യൻ ആത്മീയത മിഷൻ പ്രവർത്തനങ്ങളിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നു മാർ ഡോമിനിക് കൊക്കാട്ടെന്നും, മിഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച തീക്ഷ്ണതയും 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ' എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനവുമെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളങ്ങളാണെന്നും മേജർ ആർച്ചുബിഷപ്പ് പറഞ്ഞു.
സഭയുടെ സിനഡുകളിൽ അദ്ദേഹം പുലർത്തിയിരുന്ന സാന്നിധ്യം എന്നും സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ളതായിരുന്നുവെന്നും, ദൈവരാജ്യത്തിന്റെ മഹത്വത്തിനായി സ്വന്തം ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമായിരുന്നു മാർ ഡോമിനിക് കൊക്കാട്ടിന്റേതെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. ഗോരഖ്പൂർ രൂപതയ്ക്കും പരേതനായ മാർ ഡോമിനിക് കൊക്കാട്ടിന്റെ കുടുംബാംഗങ്ങൾക്കും മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുകയും, രൂപതയുടെ വളർച്ചയ്ക്കായി അദ്ദേഹം പാകിയ വിത്തുകൾ വരും തലമുറകൾക്ക് പ്രചോദനമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഗോരഖ്‌പൂർ സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയിൽ സുവിശേഷ വായനക്ക് ശേഷമുള്ള വചനസന്ദേശം ആഗ്ര ആർച്ചുബിഷപ്പ് മോസ്റ്റ് റെവ. റാഫി മഞ്ഞളി നൽകി. വിവിധ രൂപതകളിൽ നിന്നുള്ള നിരവധി മെത്രാന്മാരും വൈദികരും സന്യാസിനികളും വിശ്വാസികളും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.

















