News - 2026

വെല്ലുവിളിയായി ഇസ്ലാമിക് സ്റ്റേറ്റ്സ് വീണ്ടും; ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍

പ്രവാചകശബ്ദം 02-02-2026 - Monday

ഇര്‍ബില്‍: ഇറാഖ് അതിർത്തിയിലെ സിറിയൻ പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെയും ഇസ്ലാമിക് സ്റ്റേറ്റ്സ് ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍. ഇറാഖില്‍ നാശം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നിരവധി പേര്‍ സിറിയൻ ജയിലുകളിൽ കഴിയുന്നുണ്ട്. ഇറാഖി സർക്കാർ അവരെ ‘സുരക്ഷിത കേന്ദ്രം’ എന്ന് വിശേഷിപ്പിക്കുന്ന പുതിയ സ്ഥലത്തേക്ക് മാറ്റുന്ന പശ്ചാത്തലത്തിലാണ് പീഡനങ്ങളുടെ നടുവില്‍ നിന്നു കരകയറുന്ന ക്രൈസ്തവര്‍ക്ക് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ഇവരുടെ മോചനത്തിനായി പുറത്തു നിന്നു ഐ‌എസ് ശ്രമം ആരംഭിക്കുമെന്നും അത് മേഖലയ്ക്കു തന്നെ കനത്ത ഭീഷണിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയയിൽ നിന്ന് ഉയർന്നുവരുന്ന പുതിയ അക്രമത്തിന്റെ വ്യാപനത്തെ ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബഷർ വാർദ ചൂണ്ടിക്കാണിച്ചിരിന്നു. ഇറാഖി കുടുംബങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അക്രമത്തിന്റെ തിരിച്ചുവരവ് സ്വാഭാവികമായും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചും നിലനില്‍പ്പിനായുള്ള ആഴത്തിലുള്ള ഭയം ഉയർത്തുന്നുവെന്നും ആർച്ച് ബിഷപ്പ് വാർദ പറഞ്ഞു.

ഇറാഖിലെ ക്രിസ്ത്യൻ സമൂഹങ്ങൾ അനുഭവിച്ച ചരിത്രപരമായ അക്രമത്തിന്റെയും വിഭാഗീയ സംഘർഷത്തിന്റെയും അനുഭവം മറക്കാന്‍ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ മൂന്നിൽ രണ്ട് ഭാഗം ക്രിസ്ത്യാനികളും പലായനം ചെയ്യാനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും സ്വന്തം ഇഷ്ട പ്രകാരം അല്ല, മറിച്ച് തങ്ങളുടെ മാതൃരാജ്യത്തിന് ഇനി തങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്ന ആഴത്തിലുള്ള വികാരത്തിൽ നിന്നാണ് ക്രൈസ്തവര്‍ പോയതെന്നും ഇപ്പോള്‍ സംഘർഷത്തിന്റെ പുനരുജ്ജീവനം ക്രിസ്ത്യാനികളെ മാത്രമല്ല, ഇറാഖിലെ എല്ലാ ജനങ്ങളെയും ഭീഷണിപ്പെടുത്തുമെന്ന ഭയത്തിന് ഇന്ധനം നൽകുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »