News - 2025
ഫേസ്ബുക്കില്‍ മക്കയിലെ കഅബയുടെ ഫോട്ടോ ലൈക്ക് ചെയ്തുവെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ പതിനാറുകാരനായ ക്രിസ്ത്യന്‍ കുട്ടിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു
സ്വന്തം ലേഖകന്‍ 22-09-2016 - Thursday
ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് 16 വയസുകാരനായ ക്രിസ്ത്യന്‍ കുട്ടിയെ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമാണെന്ന് കരുതുന്ന മക്കയിലെ കഅബായുടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തു എന്നതാണ് കുട്ടിയെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് കണ്ടെത്തിയ 'കൊടും കുറ്റകൃത്യം'.
ഫേസ്ബുക്കില്‍ മക്കയിലെ കഅബായുടെതെന്ന പേരില്‍ തെറ്റായ ഒരു ചിത്രം ആരോ നല്‍കി. ഇതിനെ കുറിച്ച് ഒന്നും തന്നെ അറിയാത്ത കുട്ടി ഫേസ്ബുക്കിലൂടെ പ്രചരിച്ച ഈ ചിത്രത്തിന് ഒരു ലൈക്ക് നല്‍കി. ഇതിനെതിരെയാണ് പോലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്നതാണെന്ന് ഫേസ്ബുക്കിലൂടെ തന്നെ ആരോ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രായം പോലും കണക്കിലെടുക്കാത്ത വലിയ മനുഷ്യാവകാശ ലംഘനമാണ് കുട്ടിയെ ജയിലില്‍ അടച്ച സംഭവം വെളിവാക്കുന്നതും. വിചാരണ കുറ്റം ചുമത്തി കുട്ടിയെ ജയിലില്‍ അടച്ച വിവരം അക്താര്‍ അന്‍സാരി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
ഇസ്ലാം മതത്തെ നിന്ദിക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്ന എല്ലാ നടപടികളും വധശിക്ഷ വരെ ലഭിക്കുവാന്‍ സാധ്യതയുള്ള കൊടുംകുറ്റമായിട്ടാണ് പാക്കിസ്ഥാനില്‍ കണക്കാക്കപ്പെടുന്നത്. ഈ നിയമം ക്രൈസ്തവരേയും മറ്റു ന്യൂനപക്ഷങ്ങളേയും ലക്ഷ്യവച്ച് മാത്രം നടപ്പിലാക്കുകയാണ് പാക്കിസ്ഥാനില്‍ പതിവ്. വ്യക്തിപരമായ വൈരാഗ്യം ഉള്ള ന്യൂനപക്ഷ സമുദായാംഗങ്ങളുടെ മേല്‍ മുസ്ലീം വിശ്വാസികള്‍ തെറ്റായ മതനിന്ദാ കുറ്റം ആരോപിക്കുകയും അവരെ ഇതിന്റെ പേരില്‍ ദ്രോഹിക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനില്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
2015-ല്‍ മുസ്ലീം മതഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ഇഷ്ടികചൂളയില്‍ ജോലിചെയ്തിരുന്ന ദരിദ്രരായ ക്രൈസ്തവ ദമ്പതികളെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയും മൃതശരീരം കത്തിച്ചു കളയുകയും ചെയ്തിരുന്നു. മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎന്‍ സംഘടന 'മതനിന്ദാ കുറ്റം' എന്ന നിയമം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുവാന്‍ വേണ്ടി മാത്രം രൂപംനല്‍കിയ ഒന്നാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തിട്ടുണ്ട്. തെറ്റായ ഇത്തരമൊരു നിയമം റദ്ദാക്കുവാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെയും ഒരു ശ്രമങ്ങളും നടത്തിയിട്ടില്ലെന്നു മാത്രമല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നവര്‍ക്ക് അതിനുള്ള മൗനാനുവാദം നല്‍കുകയും ചെയ്യുകയാണ് രാജ്യത്തിന്റെ ഭരണകൂടം.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
