News - 2025

അവിശ്വാസികളായ സുഹൃത്തുക്കളെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കില്ല;ദൈവം തന്നെ അതിനായി ക്രിയചെയ്യണം:ബില്ലി ഗ്രഹാം

സ്വന്തം ലേഖകന്‍ 24-09-2016 - Saturday

വാഷിംഗ്ടണ്‍: ദൈവവിശ്വാസികളല്ലാത്ത സുഹൃത്തുക്കളെ ക്രൈസ്തവര്‍ക്ക് ഒരിക്കലും ക്രിസ്തുവിലേക്കു നയിക്കുവാന്‍ സാധിക്കില്ലെന്ന് പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റവ:ബില്ലി ഗ്രഹാം. ദൈവം തന്നെ അവരില്‍ പ്രവര്‍ത്തിച്ച് ഇടപെടലുകള്‍ നടത്തിയാല്‍ മാത്രമേ അവര്‍ക്കും ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ജീവിക്കുവാനും അവിടുത്തെ കാരുണ്യം മനസിലാക്കുവാനും സാധിക്കുകയുള്ളുവെന്നും ബില്ലി ഗ്രഹാം വ്യക്തമാക്കി. തന്റെ ഓണ്‍ ലൈന്‍ സൈറ്റില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ബില്ലി ഗ്രഹാം ഇങ്ങനെ പറഞ്ഞത്.

എങ്ങനെയാണ് തന്റെ അവിശ്വാസിയായ സുഹൃത്തിനെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ സാധിക്കുക എന്നതായിരുന്നു വിശ്വാസിയായ ഒരാള്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ വെബ്‌സൈറ്റില്‍ ചോദ്യമായി ഉന്നയിച്ചത്. ദൈവത്തെ കുറിച്ചു പറയുമ്പോള്‍ സുഹൃത്ത് വെറുതെ ചിരിക്കുക മാത്രമാണ് ചെയ്യുകയെന്നും ചോദ്യകര്‍ത്താവ് ബില്ലി ഗ്രഹാമിനോട് വിശദീകരിക്കുന്നു. ചോദ്യത്തിനുള്ള മറുപടി ബില്ലി ഗ്രഹാം നല്‍കിയത് ഇങ്ങനെയാണ്.

"ആ സുഹൃത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. മനുഷ്യര്‍ക്ക് മാറ്റിമറിക്കുവാന്‍ കഴിയാത്ത അവിശ്വാസികളുടെ കഠിനഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നത് കര്‍ത്താവാണ്. എല്ലാ ക്രൈസ്തവരും അവിശ്വാസികളായ തങ്ങളുടെ സുഹൃത്തുക്കളുടെ ഹൃദയത്തിലെ കഠിന ചിന്തകള്‍ക്ക് മാറ്റം വരുത്തേണമേ എന്ന് ക്രിസ്തുവിനോട് അപേക്ഷിക്കണം. ദൈവം ആ പ്രാര്‍ത്ഥന കേട്ട് അവിശ്വാസികളുടെ മനസില്‍ പ്രവര്‍ത്തിക്കുകയും രക്ഷയുടെ മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും".

അവിശ്വാസികളുടെ മാനസാന്തരങ്ങള്‍ക്ക് സാക്ഷികളാകുവാന്‍, പ്രാര്‍ത്ഥിക്കുന്ന നമുക്കും അവസരം നല്‍കേണമേ എന്നും കര്‍ത്താവിനോട് അപേക്ഷിക്കണമെന്ന് ബില്ലി ഗ്രഹാം തന്റെ മറുപടിയില്‍ പറയുന്നു. അവിശ്വാസികള്‍ക്ക് വിശ്വാസികളോട് തര്‍ക്കിക്കുവാന്‍ കഴിയുമെങ്കിലും സത്യത്തോട് ഒരിക്കലും അവര്‍ക്ക് മറുത്ത് നില്‍ക്കുവാന്‍ സാധിക്കില്ലെന്നും ബില്ലി ഗ്രഹാം ഓര്‍മ്മിപ്പിക്കുന്നു. അവിശ്വാസിയായ സുഹൃത്തിനോട് അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ആത്മാര്‍ത്ഥമായി ഒരുങ്ങിയിരിക്കുവാന്‍ ചോദ്യകര്‍ത്താവ് പറയണമെന്നും ബില്ലി ഗ്രഹാം കുറിക്കുന്നുണ്ട്.

സാത്താന്‍ എന്നത് വെറും ഒരു തോന്നല്‍ അല്ലെന്നും, വാസ്തവമായും അങ്ങനെ ഒരു വ്യക്തി നിലകൊള്ളുന്നുണ്ടെന്നും ബില്ലി ഗ്രഹാം അടുത്തിടെ ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞിരുന്നു. സാത്താന്‍ ഇല്ലെന്ന തോന്നല്‍ വിശ്വാസികളുടെ മേല്‍ വരുത്തുന്നത് സാത്താന്റെ തന്നെ പ്രവര്‍ത്തനമാണെന്നും, തന്‍മൂലം വിശ്വാസികള്‍ സാത്താനെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുമെന്നും ബില്ലി ഗ്രഹാം വ്യക്തമാക്കിയിരുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »