News
ആഗോള സുവിശേഷവത്ക്കരണത്തിന് ഊര്‍ജ്ജം പകര്‍ന്ന മദര്‍ ആഞ്ചലിക്കയുടെ സ്വര്‍ഗ്ഗീയ യാത്രയ്ക്കു ഒരു പതിറ്റാണ്ട്
പ്രവാചകശബ്ദം 28-03-2026 - Saturday
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക് (ഇഡബ്ല്യുടിഎന്‍) സ്ഥാപിച്ച മദർ ആഞ്ചലിക്കയുടെ ഓര്‍മ്മകള്‍ക്ക് ഒരു പതിറ്റാണ്ട്. ലോക സുവിശേഷവത്ക്കരണത്തിന് ശക്തമായ ഊര്‍ജ്ജം പകര്‍ന്ന ക്ലാരാ സന്യാസിനീ സമൂഹാംഗമായ മദര്‍ ആഞ്ചലിക്ക 2016 മാര്‍ച്ച് 27നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ മദര്‍ ആഞ്ചലിക്കയ്ക്ക് 92 വയസായിരുന്നു പ്രായം.
ഇന്നലെ മദർ ആഞ്ചലിക്കയുടെ പത്താം ചരമവാർഷികത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അനുസ്മരണ ബലിയര്‍പ്പണം നടന്നു. ബയോ എത്തിക്സ് പ്രൊഫസര്‍ ഫാ. മൈക്കൽ ബാഗോട്ട് എൽസി മുഖ്യകാര്‍മ്മികനായി. വിശ്വാസത്തെ ബുദ്ധിയും ജ്ഞാനവും കൊണ്ട് പകർന്ന വ്യക്തിയാണ് മദർ ആഞ്ചലിക്കയെന്നു ബസിലിക്കയിലെ ചാപ്പൽ ഓഫ് ദി ക്വയറിൽ നടത്തിയ പ്രസംഗത്തിൽ ഫാ. മൈക്കൽ പറഞ്ഞു.
"നീ കർത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു... അത് ചെയ്യൂ. നിനക്ക് എന്ത് ചെയ്യണമെന്ന് തോന്നിയാലും, ബൂട്ടിൽ വിറയ്ക്കുന്നുണ്ടെങ്കിലും, നീ മരണഭീതിയിലാണ് എങ്കിലും ആദ്യപടി മുന്നോട്ട് വയ്ക്കുക. ആ ഒരു ചുവടുവയ്പിൽ കൃപ വരുന്നു, നീ കാലെടുത്തുവയ്ക്കുമ്പോൾ തന്നെ കൃപ ലഭിക്കും. ഭയപ്പെടുന്നത് ഒരു പ്രശ്നമല്ല; ഭയപ്പെടുമ്പോൾ ഒന്നും ചെയ്യുന്നില്ല."- മദര്‍ ആഞ്ചലിക്കയുടെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു.
1981-ല്‍ മദര്‍ ആഞ്ചലിക്കയാണ് ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമ ശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന് ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്. അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള ദിവ്യകാരുണ്യ ദേവാലയത്തിൽ നടന്ന മദര്‍ ആഞ്ചലിക്കയുടെ സംസ്ക്കാര ശുശ്രൂഷയിൽ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️




















