Title News - 2026
അന്ത്യ അത്താഴത്തിന്റെ സ്‌മരണയില്‍ ഇന്ന് പെസഹ
പ്രവാചകശബ്ദം 02-04-2026 - Thursday
കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനായി.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഇന്ന് രാവിലെ പ്രഭാത നമസ്കാരം തുടര്‍ന്നു വിശുദ്ധ കുർബാനയുടെ ആരാധനയും നടന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനാകും. തുടർന്ന് പെസഹാ കുർബാന ഉണ്ടായിരിക്കും.
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഇന്ന് വൈകുന്നേരം അഞ്ചിനു തിരുവത്താഴ ദിവ്യബലി, കാൽകഴുകൾ ശുശ്രൂഷ, പൗരോഹിത്യ സ്ഥാപന അനുസ്‌മരണം, പരിശുദ്ധ കുർബാന സ്ഥാപന അനുസ്‌മരണം എന്നിവയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനാകും. രാത്രി എട്ടു മുതൽ 12 വരെ പരിശുദ്ധ കുർബാനയുടെ ആരാധന.
വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന ഇന്നു നടത്തുന്നുണ്ട്. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. നാളെ ദുഃഖവെള്ളി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















