News
നൈജീരിയയില്‍ 7 ക്രൈസ്തവരുടെ തലയറത്ത് ബൊക്കോഹറാം
പ്രവാചകശബ്ദം 16-05-2026 - Saturday
അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിൽ നിന്ന് വീണ്ടും വേദനിപ്പിക്കുന്ന വാര്‍ത്തകള്‍. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാം തീവ്രവാദികള്‍ 7 ക്രൈസ്തവരുടെ തലയറത്തു കൊന്നുവെന്നാണ് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികൾക്കു നേരെ ഇസ്ലാമിക ജിഹാദ് ഇപ്പോഴും തുടരുകയാണെന്നും അടുത്തിടെ 7 ക്രൈസ്തവരെ തലയറുത്തു കൊന്നത് ഇതിന്റെ തെളിവാണെന്നും 'ട്രൂത്ത് നൈജീരിയ' എന്ന അന്വേഷക സംഘടനയുടെ പ്രതിനിധിയും സംഘർഷത്തിൽ നിന്ന് അതിജീവിച്ചയാളുമായ സുലെമാൻ അയൂബ വെളിപ്പെടുത്തി.
വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അടുത്തിടെ നടന്ന ക്രൂരമായ നരനായാട്ടു സംബന്ധിക്കുന്ന വിവരങ്ങള്‍ അദ്ദേഹം സിബിഎൻ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന ക്രൈസ്തവ വിരുദ്ധ അക്രമം തുടരുന്നതിനിടെ, ബൊക്കോഹറാം ഇസ്ലാമിക ഭീകരർ ഏഴ് ക്രിസ്ത്യാനികളെ തലയറുത്ത് കൊലപ്പെടുത്തുകയായിരിന്നുവെന്നും മേഖലയില്‍ നിന്നു നൂറുകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്തതായും അദ്ദേഹം പറയുന്നു. പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ അടുത്തിടെ നാടുകടത്തപ്പെടുകയും കാമറൂണിലേക്ക് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും, അതേസമയം നാനൂറിലധികം പേരെ തീവ്ര ഇസ്ലാമിക സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തടങ്കലില്‍ കഴിയുന്ന ക്രൈസ്തവര്‍ പീഡനവും പട്ടിണിയും ഉൾപ്പെടെയുള്ള മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നു വ്യക്തമാണ്. നൈജീരിയയിൽ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുന്നത് ഒരു വ്യവസ്ഥാപിത വംശഹത്യയ്ക്ക് തുല്യമാണെന്ന് അയൂബ പറയുന്നു. മേഖലയിലെ ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളില്‍ നൂറിലധികം ദേവാലയങ്ങള്‍ നശിപ്പിക്കുകയും ക്രൈസ്തവരെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുകയും ചെയ്തതിന്റെ സമീപകാല തെളിവുകൾ ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറയുന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















