News - 2026
ലെബനോനിലെ യുദ്ധഭൂമിയിൽ അന്‍പതിലേറെ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
പ്രവാചകശബ്ദം 03-06-2026 - Wednesday
ബെയ്റൂട്ട്: തെക്കൻ ലെബനോനില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും സാക്ഷ്യമായി അന്‍പതിലധികം കുട്ടികൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. അതിര്‍ത്തി ഗ്രാമമായ റമീഷിൽ പട്ടണത്തിലെ വീടുകൾക്ക് നേരെ അടുത്തിടെ റോക്കറ്റ് ആക്രമണമുണ്ടായിരിന്നു. ഈ മേഖലയിലെ കുട്ടികളാണ് ഭീഷണിയ്ക്കിടെയിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. പ്രദേശത്ത് സംഘർഷം രൂക്ഷമായിരിക്കെയാണ് ചടങ്ങ് നടന്നതെന്നത് ശ്രദ്ധേയമാണ്.
ആവർത്തിച്ചുള്ള അക്രമവും സംഘര്‍ഷവും ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ പട്ടണമായ റമീഷിൽ അരങ്ങേറുന്നുണ്ട്. വെല്ലുവിളികൾക്കിടയിലും, തങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് നിരവധി വിശ്വാസികള്‍ സന്തോഷത്തോടെ ഒരുമിച്ചു കൂടി. അനിശ്ചിതത്വത്തിനിടയിലും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും സ്ഥിരതയുടെയും അടയാളമായാണ് സഭാ നേതാക്കളും പ്രാദേശിക വിശ്വാസികളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തെ വിശേഷിപ്പിക്കുന്നത്.
2023 ഒക്ടോബർ 8 മുതൽ നിവാസികൾ യുദ്ധത്തിന്റെ ഭീകരതയുടെ ഇടയിലാണ് കഴിയുന്നതെന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ ഒരു പെണ്‍കുട്ടിയുടെ അമ്മയായ റിസ്‌കല്ല ആലം പറഞ്ഞു. ഒരു ഘട്ടത്തിലും മേഖലയില്‍ വെടിനിർത്തൽ ഉണ്ടായിട്ടില്ലായെന്നും കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഓരോ കുടുംബാംഗവും ഉത്കണ്ഠയിലാണ് ജീവിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി. യുദ്ധവും അരക്ഷിതാവസ്ഥയും മൂലമുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ വിശ്വാസം സധൈര്യം പിന്തുടര്‍ന്നു ജീവിക്കാനുള്ള ലെബനോനിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ദൃഢനിശ്ചയത്തെ എടുത്തുക്കാണിക്കുന്നതാണ് സംഘര്‍ഷങ്ങള്‍ക്കിടെ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















