News
പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനിൽ കർദ്ദിനാളുമാരുടെ കൺസിസ്റ്ററി
പ്രവാചകശബ്ദം 24-06-2026 - Wednesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസ് -പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച്, ജൂൺ 26, 27 തീയതികളിൽ വത്തിക്കാനിൽ കർദ്ദിനാളുമാരുടെ അസാധാരണ കൺസിസ്റ്ററി യോഗം ചേരുന്നു. ലെയോ പതിനാലാമൻ പാപ്പ അപ്പസ്തോലിക ശുശ്രൂഷ ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കൺസിസ്റ്ററിയാണിത്. ലോകം നേരിടുന്ന വെല്ലുവിളികൾ, സഭയുടെ സമകാലിക ദൗത്യങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനും, ചിന്തിക്കുവാനുമായാണ് യോഗം വിളിച്ചുചേർക്കുന്നതെന്നു 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
'സിനഡൽ' ശൈലിയിലായിരിക്കും ചർച്ചകൾ നടക്കുക. കർദ്ദിനാളുമാരെ 20 ഗ്രൂപ്പുകളായി തിരിച്ചാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ചർച്ചകളിൽ പൂർണ്ണമായ 'രഹസ്യാത്മകത' പാലിക്കണമെന്ന് ലെയോ പാപ്പ കർദ്ദിനാൾമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത യോഗത്തിൽ, സാഹോദര്യത്തോടെയുള്ള തുറന്ന സംവാദങ്ങൾ സാധ്യമാക്കാനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നാല് പ്രധാന സെഷനുകളായാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം സെഷനിൽ, 'സുവിശേഷ പ്രഘോഷണം ഇന്നത്തെ ലോകത്തിൽ' എന്ന വിഷയത്തിൽ ഊന്നൽ നൽകും. രണ്ടാം സെഷനിൽ, 'അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും' എന്ന പ്രമേയത്തിൽ നടക്കുന്ന ചർച്ചയ്ക്ക് വിശ്വാസ കാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് നേതൃത്വം നൽകും.
ലോകത്തെ പിടിച്ചുലയ്ക്കുന്ന സംഘർഷങ്ങൾ സഭയെയും ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് യോഗം പ്രധാനമായും പരിശോധിക്കുന്നത്. സമാധാന നിർമ്മാണത്തിനായി സഭ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ച് കർദ്ദിനാളുമാർ ചര്‍ച്ച ചെയ്യും. ലെയോ പതിനാലാമൻ പാപ്പയുടെ പുതിയ ചാക്രികലേഖനം 'മാഗ്നിഫിക്ക ഹ്യൂമാനിത്താസ്' കേന്ദ്രീകരിച്ചു ചര്‍ച്ചകളും നടക്കും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















