Events
വിനയാന്വിതനായി മുട്ടുകുത്തി അനുഗ്രഹം തേടി നിയുക്ത മെത്രാന്‍; മനം നിറഞ്ഞ് അനുഗ്രഹിച്ച് വലിയ ഇടയന്‍
ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 29-09-2016 - Thursday
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ചു ബിഷപ്പുമായ കാര്‍ഡിനല്‍ വിന്‍സെന്‍റ് നിക്കോള്‍സിന്‍റെ പൈതൃകാശീര്‍വ്വാദം തേടി ഗ്രേറ്റ് ബ്രിട്ടന്‍റെ നിയുക്ത സീറോമലബാര്‍ ഇടയന്‍ മാര്‍ സ്രാമ്പിക്കലെത്തി. ഉച്ചയോടു കൂടി വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചു ബിഷപ്പ്സ് ഹൗസിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ കാര്‍ഡിനല്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് വലിയ ഇടയന്‍റെ മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുട്ടുകുത്തിയ നിയുക്ത മെത്രാനെ കാര്‍ഡിനല്‍ അനുഗ്രഹിച്ച് ആശീര്‍വദിച്ച് തന്‍റെ അഭിനന്ദനമറിയിച്ചു. മെത്രാഭിഷേക ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സാധിക്കില്ലെങ്കിലും തന്‍റെ പ്രതിനിധി ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് കര്‍ഡിനാള്‍ മാര്‍ സ്രാമ്പിക്കലിനെ അറിയിച്ചു.
ഇന്നലെ രാവിലെ, ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സഭൈക്യ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന റവ.ഫാ. ജോണ്‍ ഒടോളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് മോണ്‍. മാര്‍ട്ടിന്‍ ഹെയ്സ് നിയുക്ത മെത്രാനെ സ്വീകരിച്ചു. തുടര്‍ന്ന് ബ്രന്‍റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ. ജോസഫ് അന്തിയാംകുളം, ഫാ.മൗറിസ് ഗോര്‍ഡന്‍, ഫാ.നിക്സണ്‍ ഗോമസ് തുടങ്ങിയവരും, വാള്‍ത്താം സ്റ്റോ, ഈസ്റ്റ് ഹാം, ചെയ്സ്ഫോര്‍ഡ്, കോള്‍ചെസ്റ്റര്‍, ക്ലോക്റ്റണ്‍ സീ, ബാസില്‍സണ്‍, ഹോണ്‍ചര്‍ച്ച്, ഹൈവിക്കോസ്, ഹാര്‍ലോ എന്നിവിടങ്ങളില്‍ വിശ്വാസി സമൂഹങ്ങളും തങ്ങളുടെ നിയുക്ത ഇടയനെ എതിരേറ്റു.
വൈകിട്ട് 7 മണിക്ക് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്ന എല്ലാവരോടും നിയുക്ത മെത്രാന്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതശൈലിയും പ്രവര്‍ത്തന രീതികളും ഏറെ ഇഷ്ടപ്പെടുന്ന മാര്‍ സ്രാമ്പിക്കല്‍ തന്‍റെ പ്രാരംഭ സന്ദര്‍ശനത്തില്‍ തന്നെ ആളുകളുടെ പ്രിയപ്പെട്ട പിതാവായി മാറിക്കഴിഞ്ഞു. മെത്രാന്മാര്‍ തങ്ങളെ അനുഗ്രഹിക്കുന്നതായി മാത്രം കണ്ടു ശീലിച്ചിട്ടുള്ള വിശ്വാസികള്‍ക്ക്, തങ്ങളോട് പ്രാര്‍ത്ഥനയും അനുഗ്രഹവും ചോദിച്ചു വരുന്ന പിതാവിനെ എളിമയുടെയും സ്നേഹത്തിന്‍റെയും മാതൃകയായി ഇപ്പോള്‍ ത്തന്നെ മനസ്സിലായി ക്കഴിഞ്ഞു.
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ ഔദ്യോഗിക ആശീര്‍വാദം (ഉര്‍ബി എത്ത് ഒര്‍ബി) നല്‍കുന്നതിനു മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പായും വത്തിക്കാനില്‍ തടിച്ചുകൂടിയ ജനങ്ങളോട് തനിക്കുവേണ്ടി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്രാമ്പിക്കല്‍ പിതാവിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇംഗ്ലണ്ടില്‍ പുനര്‍ജനിക്കുന്ന അനുഭവം വിശ്വാസികള്‍ക്ക് കിട്ടി തുടങ്ങിയതായി നിയുക്ത ഇടയനെ സന്ദര്‍ശിച്ചവര്‍ പറഞ്ഞു.
അതേസമയം, മെത്രാഭിഷേകം നടക്കുന്ന പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായി 'എന്‍ട്രി പാസ്സി'ന്‍റെ വിതരണോത്ഘാടനം, മെത്രാഭിഷേകത്തിന്‍റെ പ്രാദേശിക സംഘാടകനും ജോയിന്‍റ് കണ്‍വീനറുമായ ഫാ.മാത്യു ചൂരപൊയ്കയില്‍ നിര്‍വ്വഹിച്ചു. തികച്ചും സൗജന്യമായി വിശ്വാസികള്‍ക്കു നല്‍കുന്ന ഈ പാസ്സ്, സ്റ്റേഡിയത്തിലെ സുരക്ഷാസംവിധാനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളതാണ്. ഓരോ സ്ഥലത്തുമുള്ള വി.കുര്‍ബ്ബാന കേന്ദ്രങ്ങളിലെ വൈദികരില്‍ നിന്നാണ് വിശ്വാസികള്‍ക്ക് ഈ പാസ്സ് ലഭിക്കുന്നത്. നാളെ ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശനം നടത്തും.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
