News
തടവിന് വിരാമം; ചൈനയിലെ പ്രമുഖ ക്രൈസ്തവ നേതാവ് ജിൻ മിൻഗ്രി മോചിതനായി
പ്രവാചകശബ്ദം 06-07-2026 - Monday
ബെയ്‌ജിംഗ്: ചൈനയിലെ പ്രമുഖ പ്രൊട്ടസ്റ്റൻ്റ് സമൂഹമായ 'സിയോൺ ചർച്ചി'ൻ്റെ സ്ഥാപകനും മുഖ്യ പാസ്റ്ററുമായ എസ്രാ ജിൻ മിൻഗ്രി ദീര്‍ഘനാളുകളായുള്ള തടവിന് ശേഷം ജയിൽമോചിതനായി. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിലുടനീളം നടന്ന വ്യാപക റെയ്‌ഡുകളെത്തുടർന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ചൈനയുടെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മതവിശ്വാസ വേട്ടയാണ് അന്നു നടന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഇക്കഴിഞ്ഞ മെയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചൈന സന്ദര്‍ശനത്തിനിടെ പ്രസിഡന്‍റ് ഷി ജിൻപിംഗിനോട് പാസ്റ്ററുടെ മോചനം സംബന്ധിച്ച കാര്യം ഉന്നയിച്ചിരുന്നു. അന്നു അനുകൂല മറുപടിയും ഷി ജിൻപിംഗ് നൽകി. ട്രംപ് ഈ വിഷയം നേരിട്ട് ഉന്നയിച്ച് രണ്ടു മാസത്തിനുള്ളിലാണ് ജിൻ മിൻഗ്രിയുടെ മോചനം സാധ്യമായിരിക്കുന്നത്. മോചനത്തിനുശേഷം അദ്ദേഹം അമേരിക്കയിലെ ലോ സ് ആഞ്ചലസിൽ എത്തിയതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന 'ചൈന എയ്ഡ്' സ്ഥിരീകരിച്ചു.
2007ൽ വെറും 20 പേരുമായി ജിൻ മിൻഗ്രി തുടക്കം കുറിച്ച സിയോണ്‍ ചർച്ച് പിന്നീട് ചൈനയിലെതന്നെ ഏറ്റവും വലിയ അനൗദ്യോഗിക ക്രൈസ്തവ കൂട്ടായ്മയായി വളരുകയായിരുന്നു. രാജ്യത്തെ നാല്‍പ്പതോളം നഗരങ്ങളിലായി പതിനായിരത്തോളം വിശ്വാസികൾ ഈ സമൂഹത്തില്‍ അംഗങ്ങളാണ്. നിരീശ്വരവാദികള്‍ ഉള്‍പ്പെടെ അനേകരെ ക്രിസ്തു വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ കൂട്ടായ്മയ്ക്കു കഴിഞ്ഞിരിന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം തൃപ്തരായിരിന്നില്ല. 2018-ൽ അധികാരികൾ അനേകം വിശ്വാസികള്‍ ഒരുമിച്ച് കൂടിയിരിന്ന ആരാധനാലയം അടച്ചുപൂട്ടി.
പക്ഷേ ഓണ്‍ലൈന്‍ ശുശ്രൂഷകളിലൂടെ ഇവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. വൈകാതെ ഭരണകൂടം ജിന്നിനെയും മറ്റ് സിയോൺ ചർച്ച് നേതാക്കളെയും കസ്റ്റഡിയിലെടുക്കുകയായിരിന്നു. "വിവര ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചു" എന്ന കുറ്റം ചുമത്തിയായിരിന്നു അറസ്റ്റ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുള്ള അധിനിവേശമാണ് നടത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















