News - 2026

മുന്നറിയിപ്പ് അവഗണിച്ച് തെറ്റായ പ്രബോധനങ്ങള്‍; വൈദികനു വിലക്കുമായി അമേരിക്കന്‍ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 20-08-2026 - Thursday

സാന് അന്റോണിയോ (ടെക്ശാസ്): തെറ്റായ പ്രബോധനങ്ങളെ തുടര്‍ന്നു മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്കിയ വൈദികന് ഒടുവില്‍ വിലക്കുമായി സാന് അന്റോണിയോ ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലർ. 'മിഷൻ ഓഫ് ഡിവൈൻ മേഴ്സി' എന്ന കൂട്ടായ്മയിലൂടെ ദൈവീക സന്ദേശങ്ങൾ എന്ന പേരിൽ സഭയ്ക്കെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും മാർപാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തതിനുമാണ് ഫാ. ജോൺ മേരി ഫോസ്റ്റര്‍ എന്ന വൈദികനെ പദവിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും ഇദ്ദേഹം തെറ്റായ പ്രബോധനങ്ങളുമായി മുന്നോട്ട് പോകുകയായിരിന്നു.

മാർപാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തതിനും സഭയ്ക്കെതിരെ പ്രവർത്തിച്ചതിനുമാണ് വൈദികനെതിരെ വിചാരണ നടത്തിയത്. സഭയ്ക്കെതിരായ പ്രവർത്തനങ്ങൾ, അനുസരണക്കേട്, ശീശ്മ എന്നിവ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഫ്രാൻസിസ് മാർപാപ്പയെയും ലെയോ പതിനാലാമൻ മാർപാപ്പയെയും അധികാരം കൈയടക്കിയവർ എന്ന് ജോൺ മേരി ഫോസ്റ്റർ പരസ്യമായി വിശേഷിപ്പിക്കുകയും, ദിവ്യബലി മധ്യേ മാർപാപ്പയുടെ പേര് മനഃപൂർവം ഒഴിവാക്കുകയും ചെയ്തിരുന്നു.

താൻ നേതൃത്വം നൽകുന്ന 'മിഷൻ ഓഫ് ഡിവൈൻ മേഴ്സി' എന്ന കൂട്ടായ്മയിലൂടെ ദൈവീക സന്ദേശങ്ങൾ എന്ന പേരിൽ സഭയ്ക്കെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ നിലപാടുകള്‍ മുന്‍പും വിമര്‍ശനത്തിന് കാരണമായിരിന്നു. തെറ്റുകൾ തിരുത്താൻ നിരന്തരം അവസരങ്ങൾ നൽകിയിട്ടും അതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് സഭാ ഭരണഘടനയനുസരിച്ചുള്ള വിചാരണയ്ക്ക് ശേഷം വൈദിക പദവിയില്‍ നിന്നു പുറത്താക്കാന്‍ ആർച്ച് ബിഷപ്പ് തീരുമാനിച്ചത്. ഇനി മുതൽ ജോൺ മേരി ഫോസ്റ്റർ നടത്തുന്ന കുർബാനകളിലോ 'മിഷൻ ഓഫ് ഡിവൈൻ മേഴ്സി' സംഘടിപ്പിക്കുന്ന കൂട്ടായ്മകളിലോ ചടങ്ങുകളിലോ കത്തോലിക്കാ വിശ്വാസികൾ പങ്കെടുക്കരുതെന്നു ആർച്ച്ബിഷപ്പ് അമേരിക്കന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »