News - 2026
തന്റെ വ്യക്തിഗത രേഖകളില്‍ ക്രൈസ്തവ വിശ്വാസം വേണം: ഇറാഖി യുവതിയുടെ നിയമപോരാട്ടത്തിന് ഫലം
പ്രവാചകശബ്ദം 20-08-2026 - Thursday
ബാഗ്ദാദ്: ഗവൺമെന്റ് ഔദ്യോഗിക രേഖകളിൽ തന്റെ ക്രൈസ്തവ വിശ്വാസം പുനഃസ്ഥാപിച്ചുകിട്ടാൻ നിയമപോരാട്ടം നടത്തിയ ഇറാഖി യുവതിക്ക് അനുകൂലമായി ഇറാഖിലെ പരമോന്നത അപ്പീൽ കോടതിയുടെ വിധി. ഇറാഖിലെ നാഷണൽ കാർഡ് നിയമപ്രകാരം (National Card Law Article 26/2), മാതാപിതാക്കളിൽ ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ പ്രായപൂർത്തിയാകാത്ത മക്കളെയും ഔദ്യോഗിക രേഖകളിൽ സ്വമേധയാ മുസ്ലിമായി രജിസ്റ്റർ ചെയ്യപ്പെടും. യുവതി ചെറുപ്പമായിരുന്നപ്പോൾ മാതാപിതാക്കൾ വേർപിരിയുകയും മാതാവ് ഇസ്ലാം മത ജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ ക്രിസ്തീയ വിശ്വാസം തെരഞ്ഞെടുത്ത കുട്ടിയെ സർക്കാറിന്റെ ഡാറ്റാബേസിൽ മുസ്ലിമായി രേഖപ്പെടുത്തുകയായിരുന്നു.
എന്നാല്‍ തന്റെ വ്യക്തിഗത രേഖകളില്‍ തന്റെ ക്രിസ്തുവിലുള്ള വിശ്വാസമാണ് രേഖപ്പെടുത്തേണ്ടത് എന്ന ഒറ്റ നിലപാടില്‍ യുവതി നിലകൊള്ളുകയായിരിന്നു. പ്രായപൂർത്തിയായതിനെ തുടർന്ന്, തന്റെ ഔദ്യോഗിക രേഖകളിൽ ഇസ്ലാമിന് പകരം 'ക്രിസ്ത്യാനി' ആണെന്ന്‍ ശരിയായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കീഴ് കോടതി യുവതിക്ക് അനുകൂലമായി വിധി നൽകിയെങ്കിലും, കേസ് അപ്പീൽ കോടതിയിലേക്ക് എത്തുകയായിരുന്നു.
എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളിലും മതവിശ്വാസത്തിലും സ്വയം തീരുമാനമെടുക്കാനുള്ള പൗരന്മാരുടെ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് മേല്‍കോടതി മുൻവിധി ശരിവെയ്ക്കുകയായിരിന്നു. താന്‍ ക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്ന യുവതിയുടെ ഉറച്ച വിശ്വാസത്തിനും നിലപാടിനും ഒടുവിൽ കോടതിയുടെ അംഗീകാരം ലഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. വിവാഹം, പിന്തുടർച്ചാവകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മതം ഔദ്യോഗിക രേഖകളിൽ ചേർത്തുന്നത് നിർണ്ണായകമായതിനാല്‍ വിധി സമാന സാഹചര്യങ്ങൾ നേരിടുന്ന മറ്റ് നിരവധി ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും വലിയ പ്രതീക്ഷ നൽകുകയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















