News - 2025
ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണത്തിനായുള്ള ഔദ്യോഗിക അന്വേഷണത്തിന് തുടക്കമായി
സ്വന്തം ലേഖകന്‍ 03-10-2016 - Monday
പാരീസ്: വിശുദ്ധ ബലി അര്‍പ്പിക്കുന്ന സമയത്ത് ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ വത്തിക്കാന്‍, റൂവീന്‍ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്ണിന് അനുമതി നല്‍കി. റൂവീന്‍ അതിരൂപതയുടെ കീഴില്‍ ശുശ്രൂഷകള്‍ ചെയ്ത വൈദികനായിരുന്നു കൊല്ലപ്പെട്ട ജാക്വസ് ഹാമല്‍.
ഇക്കഴിഞ്ഞ ജൂലൈ 16-ാം തീയതി 'സെന്റ് എറ്റിനി ഡു റൂവ്‌റേ' ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് ഫാദര്‍ ജാക്വസ് ഹാമലിനെ ഐഎസ് തീവ്രവാദികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. അന്നു മുതല്‍ അടഞ്ഞു കിടന്നിരുന്ന ദേവാലയം ഇന്നലെ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിന്റെ നേതൃത്വത്തില്‍ തുറന്നു.
പ്രത്യേകം പ്രാര്‍ത്ഥനകളും, ആരാധനയും ദേവാലയത്തില്‍ നടത്തപ്പെട്ടു. ഈ വേളയിലാണ് ഫാദര്‍ ജാക്വസ് ഹാമല്‍ രക്തസാക്ഷിത്വം വഹിച്ച ദേവാലയത്തിനുള്ളില്‍വച്ചു തന്നെ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കു മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചത്.
സാധാരണയായി ഒരാള്‍ മരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ് നാമകരണ നടപടികള്‍ ആരംഭിക്കുക. എന്നാല്‍ വത്തിക്കാന്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ചിലരുടെ നാമകരണ നടപടികള്‍ക്ക് അഞ്ചു വര്‍ഷം കാത്തിരിക്കണം എന്ന നിബന്ധന ഒഴിവാക്കാറുണ്ട്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും കാര്യത്തില്‍ സഭ ഈ പ്രത്യേക പരിഗണന നല്‍കിയിരുന്നു.
ഫാദര്‍ ജാക്വസ് ഹാമലിനും ഇതേ രീതിയില്‍ പ്രത്യേക പരിഗണന നല്‍കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുകയായിരുന്നു. ഈ വിവരം 'കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കോസ് ഓഫ് സെയിന്‍സ്' റൂവീന്‍ ആര്‍ച്ച് ബിഷപ്പിനെ രേഖാമൂലം അറിയിച്ചു.
സെപ്റ്റംബര്‍ 14-ാം തീയതി വത്തിക്കാനില്‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, രക്തസാക്ഷിയായ വൈദികനെ വാഴ്ത്തപ്പെട്ട ഫാദര്‍ ജാക്വസ് ഹാമല്‍ എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ ചിത്രം അള്‍ത്താരയ്ക്കുള്ളില്‍ സ്ഥാപിച്ച പാപ്പ, വിശുദ്ധ ബലിയ്ക്കു ശേഷം ഇതേ ചിത്രം ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിനു നല്‍കുകയും അദ്ദേഹത്തോട് അത് ദേവാലയത്തിന് മുന്നില്‍ തന്നെ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.
