News - 2025
രണ്ടാമത് ഇന്തോനേഷ്യന്‍ യുവജനദിന സമ്മേളനത്തിന് തുടക്കമായി; സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കള്‍ മനാഡോയിലേക്ക് എത്തി
സ്വന്തം ലേഖകന്‍ 04-10-2016 - Tuesday
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പങ്കെടുക്കുന്ന രണ്ടാമത് യുവജന ദിന സമ്മേളനത്തിന് തുടക്കമായി. 'ഇന്തോനേഷ്യയുടെ വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ സുവിശേഷത്തിന്റെ സന്തോഷം' എന്നതാണ് യുവജന ദിനത്തിന്റെ മുഖ്യചിന്താവിഷയം. വടക്കന്‍ സുലാവേസിയുടെ തലസ്ഥാനമായ മനാഡോയിലാണ് രണ്ടാമത് ഇന്തോനേഷ്യന്‍ യുവജന ദിന ആഘോഷം നടക്കുന്നത്. 2600-ല്‍ അധികം യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഒന്നാം തീയതി തുടങ്ങിയ സമ്മേളനം ആറാം തീയതി ആണ് അവസാനിക്കുന്നത്.
ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 37 ഇന്തോനേഷ്യന്‍ രൂപതകളില്‍ നിന്നായി 16,000-ല്‍ അധികം കത്തോലിക്ക വിശ്വാസികള്‍ മനാഡോയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. മലേഷ്യയില്‍ നിന്നും ഫിലിപ്പിയന്‍സില്‍ നിന്നും യുവാക്കള്‍ പരിപാടിയുടെ ഭാഗമാകുവാന്‍ ഇന്തോനേഷ്യയിലേക്ക് വന്നിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത് പ്രാദേശിക മുസ്ലീം, ക്രിസ്ത്യന്‍ കുടുംബങ്ങളാണ്. ഇന്തോനേഷ്യന്‍ ജനത ഒന്നായി ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയായി ഇതിനോടകം തന്നെ സമ്മേളനം മാറിയിരിക്കുകയാണ്.
യുവാക്കളുടെ പ്രാര്‍ത്ഥനയും, ധ്യാനവുമാണ് സമ്മേളന ദിവസങ്ങളില്‍ പ്രധാനമായും നടക്കുക. സമകാലിക സംഭവങ്ങളെ കുറിച്ച് പ്രത്യേകം സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. ബഹുസ്വരതയുള്ള സമൂഹത്തില്‍ മാതൃകയോടെ ക്രൈസ്തവര്‍ക്ക് എങ്ങനെ ജീവിക്കാം എന്ന വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തപ്പെടും. വൈദിക വിദ്യാര്‍ത്ഥികളും പുരോഹിതരും തങ്ങളുടെ അനുഭവങ്ങളും, ക്രൈസ്തവ സാക്ഷ്യവും സമ്മേളനത്തില്‍ യുവാക്കളുമായി പങ്കുവയ്ക്കും.
വിവിധ മതവിശ്വാസികളോട് ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്തോനേഷ്യന്‍ കത്തോലിക്ക യുവാക്കളുടെ പ്രഥമ യുവജന ദിന സമ്മേളനം നടന്നത് സുമാത്രയ്ക്ക് സമീപമുള്ള ലാംങ്പൂങ് പ്രവിശ്യയിലാണ്. മനാഡോ ബിഷപ്പ് ജോസഫ് തിയോഡോറസ് സുവാത്തനും, മറ്റു വൈദികരുമാണ് യുവജനദിന സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
