News - 2025

417 വര്‍ഷം പഴക്കമുള്ള ബൈബിള്‍ പോര്‍ട്ട്‌ലാന്റില്‍ നിന്നും കണ്ടെത്തി;ബൈബിള്‍ 1599-ല്‍ ലണ്ടനില്‍ അച്ചടിച്ചതാണെന്ന് രേഖകളില്‍ നിന്നും വ്യക്തം

സ്വന്തം ലേഖകന്‍ 04-10-2016 - Tuesday

പോര്‍ട്ട്‌ലാന്റ്: 1599-ല്‍ അച്ചടിച്ച് എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ച ബൈബിളിന്റെ ഒരു പ്രതി കണ്ടെത്തി. യുഎസിലെ പോര്‍ട്ട്‌ലാന്റില്‍ സ്ഥിതി ചെയ്യുന്ന ലെവിസ് ആന്റ് ക്ലാര്‍ക്ക് കോളജിന്റെ ലൈബ്രറിയിലെ ഒരു പെട്ടിയില്‍ നിന്നുമാണ് ഇത് ലഭിച്ചത്. അച്ചടിച്ച വിവരങ്ങളും ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങളുടെ ഘടനയും മറ്റും നോക്കിയാണ് ഇതിന്റെ കാലപഴക്കം കണക്കാക്കിയത്. ലണ്ടനില്‍ ക്രിസ്റ്റഫര്‍ ബാര്‍ക്കറിന്റെ കാര്യസ്ഥര്‍ ഒന്നാം എലിസബത്ത് രാജ്ഞിക്ക് നല്‍കിയതാണ് ഇതെന്ന് അച്ചടിയില്‍ വ്യക്തമായി പറയുന്നു.

417 വര്‍ഷം പഴക്കമുള്ള ഇത്തരം ഒരു ബൈബിള്‍ എന്നത് ചരിത്രത്തിന്റെ അക്ഷയ നിധിയിലെ ഒരു സൂക്ഷിപ്പായി വേണം കരുതാനെന്ന് ഗവേഷകര്‍ പറയുന്നു. കോളജ് ലൈബ്രറിയില്‍ പഴയ പുസ്തകങ്ങളും വസ്തുക്കളും സൂക്ഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ ചുമതല നിര്‍വഹിക്കുന്ന ഹന്നാഹ് ക്രൂമിയാണ് ബൈബിളില്‍ കണ്ടെടുത്തത്. ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത് ബൈബിളിന്റെ ഒരു പ്രതി മാത്രമാണെന്നും, ഇതെ കാലഘട്ടത്തില്‍ തന്നെ നിരവധി കോപ്പികള്‍ അച്ചടിച്ചിട്ടുണ്ടാകാമെന്നും ഹന്നാഹ് ക്രൂമി പറയുന്നു. വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ഷെയ്ക്‌സ്പിയര്‍ പോലും ഉപയോഗിച്ചിരിക്കുക ഈ ബൈബിളിന്റെ തന്നെ മറ്റ് ഏതെങ്കിലും ഒരു പ്രതിയായിരിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ഉല്‍പത്തിയുമായും ഈ ബൈബിളിന് ബന്ധമുണ്ടെന്ന് കരുതുന്നു. ഏദന്‍ തോട്ടം, അര്‍മേനിയ, മെസപ്പൊട്ടോമിയ, ബാബിലോണ്‍ എന്നിവയെ കുറിച്ചും സോളമന്‍ പണിത ദേവാലയത്തെ സംബന്ധിച്ചും, ചിത്രങ്ങളോടു കൂടിയ വിവരണം ബൈബിളില്‍ നല്‍കിയിരിക്കുന്നു. യെരുശലേം ദേവാലയത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുള്ള കാഴ്ച മനോഹരമായി ഈ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്രയും വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ബൈബിളിന് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നതും ഒരു അത്ഭുതമാണ്. ചുരുക്കം പേജുകള്‍ക്ക് മാത്രമാണ് കാലപഴക്കം മൂലം ചെറിയ കീറലുകള്‍ ഉണ്ടായിരിക്കുന്നത്.

1967-ല്‍ കോളജിലേക്ക് ലഭിച്ച ചില പഴയ വസ്തുക്കളുടെ കൂട്ടത്തിലാണ് ഈ ബൈബിളും ഉള്‍പ്പെട്ടതെന്നാണ് അധികൃതര്‍ കരുതുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ് ഫ്രൈ എന്ന വ്യക്തി ഇംഗ്ലണ്ടില്‍ നിന്നും വാങ്ങിയ ബൈബിളാണിതെന്ന് ഹന്നാഹ് ക്രൂമി വിശ്വസിക്കുന്നു. ഫ്രാന്‍സിസ് ഫ്രൈയ്ക്ക് വിവിധ ബൈബിളുകള്‍ ശേഖരിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഫ്രൈയുടെ കൈയില്‍ നിന്നും ലണ്ടനിലെ കച്ചവടക്കാര്‍ വഴി ഇത് ക്ലാറന്‍സ് ബയിര്‍വേള്‍ഡിറ്റ് എന്ന പാസ്റ്ററുടെ കൈവശം എത്തുകയും അദ്ദേഹം പിന്നീട് അത് കോളജിന് സമര്‍പ്പിച്ചതാണെന്നും കണക്കാക്കപ്പെടുന്നു. ഈ വാദത്തെ സാദൂകരിക്കുന്ന ചില മേല്‍വിലാസങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലെ ഒരു തട്ടില്‍ ബൈബിളുകള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട ഹന്നാഹ് ക്രൂമി അത് വെറുതെ തുറന്നു നോക്കിയപ്പോഴാണ് ഇത്രയും വര്‍ഷം പഴക്കമുള്ള ജനീവയിലെ ബൈബിള്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. ബൈബിളിന്റെ പല ചരിത്രങ്ങളിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍, 417 വര്‍ഷം പഴക്കമുള്ള ഈ ബൈബിളില്‍ നിന്നും ലഭിക്കുമെന്നും കരുതപ്പെടുന്നു.


Related Articles »