News - 2025

സിറിയയിലെ യുദ്ധം അവസാനിപ്പിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവുമായി ഒരു മില്യണ്‍ കുട്ടികള്‍ ഭീമഹര്‍ജിയില്‍ ഒപ്പിട്ടു

സ്വന്തം ലേഖകന്‍ 08-10-2016 - Saturday

ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ അന്താരാഷ്ട്ര സമൂഹവും, സിറിയന്‍ ഭരണാധികാരികളും ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവുമായി ഒരു മില്യണില്‍ അധികം കുട്ടികള്‍ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഭീമഹര്‍ജിയില്‍ ഒപ്പിട്ടാണ്, അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിലേക്ക് തങ്ങളുടെ ആവശ്യം കുട്ടികള്‍ എത്തിക്കുന്നത്. ജനീവ ആസ്ഥനമായ ഐക്യരാഷ്ട്ര സഭയുടെയും, ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയനിന്റെയും നേതൃത്വം വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നാണ് കുരുന്നുകളുടെ ആവശ്യം.

കത്തോലിക്ക ചാരിറ്റി സംഘടനയായ 'എയ്ഡ് ടൂ ചര്‍ച്ച് ഇന്‍ നീഡ്' ആണ് കുട്ടികളുടെ ഈ ആവശ്യത്തിനു വേണ്ട പിന്തുണയും സഹായവും നല്‍കുന്നത്. രണ്ടായിരം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഭീമഹര്‍ജിയില്‍ ഒപ്പിടുന്നതിനൊപ്പം സമാധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളും, പ്ലക്ക് കാര്‍ഡുകളും കുട്ടികള്‍ തന്നെ തയ്യാറാക്കുന്നു. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം തന്നെ ആയിരക്കണക്കിനു കുട്ടികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ രാജ്യത്തെ മിക്ക സ്ഥലങ്ങളിലും മുടങ്ങി കിടക്കുകയാണ്.

സിറിയയില്‍ 2.1 മില്യണ്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകുവാന്‍ കഴിയാതെ ദുരിതം അനുഭവിക്കുകയാണ്. ദമാസ്‌കസില്‍ നടന്ന സമാധാനത്തിനു വേണ്ടിയുള്ള റാലിയില്‍ പാട്ടുകളും, നാടകങ്ങളും, തങ്ങള്‍ വരച്ച ചിത്രങ്ങളുമായിട്ടാണ് കുട്ടികള്‍ പങ്കെടുത്തത്. സമാധാനം രാജ്യത്ത് പുഃനസ്ഥാപിക്കപ്പെടുവാന്‍ വേണ്ടി അവര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

റാലിയില്‍ പങ്കെടുത്ത മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ സമാധാന സന്ദേശങ്ങള്‍ എഴുതിയ ബാനറുകളും, ബലൂണുകളും കൈയിലേന്തിയിരുന്നു. 'ഞങ്ങളുടെ കുട്ടിക്കാലം ഞങ്ങള്‍ക്കു മടക്കി നല്‍കൂ, ഞങ്ങള്‍ക്ക് സമാധാനം ആവശ്യമാണ്, ഇനിയും യുദ്ധങ്ങള്‍ വേണ്ടാ, ഞങ്ങള്‍ക്കും സ്‌കൂളുകളിലേക്ക് പോകണം' എന്നീ വാചകങ്ങളായിരുന്നു ബാനറുകളിലും, ബലൂണുകളിലും കുട്ടികള്‍ എഴുതിയിരുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകളും, നേരിടേണ്ടി വന്ന ദുരിതവും പല കുട്ടികളും യോഗത്തില്‍ പരസ്യമായി തുറന്നു പറഞ്ഞു.


Related Articles »