News - 2025
സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കുവാനുള്ള ഫിലിപ്പിയന്‍സ് സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ്
സ്വന്തം ലേഖകന്‍ 10-10-2016 - Monday
മനില: ഫിലിപ്പിയന്‍സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുവാനുള്ള നടപടിയെ ശക്തമായി എതിര്‍ത്ത് കത്തോലിക്ക ബിഷപ്പ് രംഗത്ത്. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് ആണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളെ മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവിക നിയങ്ങളെ പോലും തെറ്റിക്കുന്നതാണ് തീരുമാനമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. പുതിയതായി ചുമതലയേറ്റ സര്‍ക്കാരാണ് സ്വവര്‍ഗവിവാഹത്തെ നിയമപരമായി അംഗീകരിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്.
ഫിലിപ്പിയന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വലക്കൈയായി അറിയപ്പെടുന്ന സ്പീക്കര്‍ പാന്റാലിയോണ്‍ അല്‍വാരസ് ആണ് ഇതു സംബന്ധിക്കുന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കികൊണ്ടുള്ള ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പിയന്‍സ് ഭരണഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും സന്തോഷവും, സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ സഭ ശക്തമായി എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. "ദൈവത്തിന്റെ ദൃഷ്ടിയില്‍ വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്. പ്രകൃതിയിലും അത് അങ്ങനെ തന്നെയാണ്. മറ്റു രാജ്യങ്ങള്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നുവെന്നതിനാല്‍ നമ്മളും അങ്ങനെ ചെയ്യണമെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഫിലിപ്പിയന്‍സ് ജനതയുടെ സംസ്‌കാരത്തിന് എതിരാണ് പുതിയ തീരുമാനം". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസിനെ കൂടാതെ ബിഷപ്പ് ജോസ് ഒലിവേറസ്, ബിഷപ്പ് ഗില്‍ബര്‍ട്ട് ഗ്രേസീറ തുടങ്ങിയവരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. സ്വവര്‍ഗ ലൈംഗീക താല്‍പര്യം എന്നത് മനശാസ്ത്രപരമായി ഇനിയും കണ്ടെത്തുവാന്‍ കഴിയാത്ത ഒരു കാരണമാണ്. ഇത്തരം ആളുകള്‍ക്ക് സഭ ആവശ്യമായ ബോധനവും, മാര്‍ഗദര്‍ശനവും നല്‍കണമെന്ന് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കുവാന്‍ സഭ കൗണ്‍സിലിംങ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ബിഷപ്പ് ഗില്‍ബര്‍ട്ട് ഗ്രേസീറ അറിയിച്ചു.
