News - 2025

ദൈവം തെരഞ്ഞെടുത്ത ജനതയാണ് ക്രൈസ്തവരെന്നും, ദൈവഹിത പ്രകാരം ജീവിക്കേണ്ടത് ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 14-10-2016 - Friday

വത്തിക്കാന്‍: ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ് ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്റാ മാര്‍ത്തായില്‍ വിശുദ്ധ കുര്‍ബന അര്‍പ്പിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവരുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും, ക്രൈസ്തവര്‍ മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും വിശദമായി തന്റെ പ്രസംഗത്തിലൂടെ പരാമര്‍ശിച്ചത്. നല്ല ക്രൈസ്തവ ജീവിതം നയിക്കുന്ന വ്യക്തികളായി നാം മാറണമെന്നതാണ് സ്വര്‍ഗീയ പിതാവിന്റെ നമ്മെ കുറിച്ചുള്ള ആഗ്രഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

"ദൈവപിതാവിനാല്‍ അനുഗ്രഹീതരാണ് ക്രൈസ്തവര്‍. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് നാം. മക്കളെ നാം സ്‌നേഹിക്കുന്നതു പോലെ തന്നെ ദൈവം നമ്മേ സ്‌നേഹിക്കുന്നു. സമുദ്രം പോലെ വിശാലമായി കിടക്കുന്ന ഒരു ജനതയെ അല്ല ദൈവം വിളിച്ചത്. അവിടുന്ന് പ്രതീക്ഷയോടെ നമ്മേ കാത്തിരുന്ന് വിളിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികളെ പോലെ, നമ്മെ കുറിച്ച് ദൈവത്തിനും പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ട്. അവിടുത്തെ ഹിതപ്രകാരം ജീവിക്കുക എന്നതാണ് ദൈവത്തിന് നമ്മേ കുറിച്ചുള്ള പ്രതീക്ഷ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത അവിടുത്തെ ക്ഷമയുടെ മാതൃകയെ അനുകരിക്കുന്നവരായിരിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച ഒരു വ്യക്തിയോട് ക്ഷമിക്കുവാന്‍ കഴിയാത്തവര്‍ നാമമാത്ര ക്രൈസ്തവരായി തുടരുന്നവരാണെന്നും പാപ്പ പ്രത്യേകം പറഞ്ഞു.

"ജീവിതത്തില്‍ പ്രായസങ്ങളും ബുദ്ധിമുട്ടുകളും തിക്തമായ അനുഭവങ്ങളും പലര്‍ മുഖാന്തരവും ഒരുപക്ഷേ നമുക്ക് ഉണ്ടായെന്നു വരാം. ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ വസിക്കുമ്പോള്‍ മാത്രമേ ഇവയെല്ലാം ക്ഷമിച്ച് നമുക്ക് മുന്നോട്ടു പോകുവാന്‍ സാധിക്കു. എല്ലായ്‌പ്പോഴും ഒരു കാര്യം ഓര്‍ക്കുക. നാം പാപികളായിരുന്നു. ക്രിസ്തുവിന്റെ കാല്‍വറി യാഗത്താലാണ് നമുക്ക് പാപക്ഷമ ലഭിച്ചത്. പിതാവായ ദൈവം നമ്മുടെ തെറ്റുകള്‍ അതിലൂടെ ക്ഷമിച്ചു നല്‍കുകയായിരുന്നു. ഇതിനാല്‍ തന്നെ ക്രൈസ്തവരും തങ്ങളോട് തെറ്റുചെയ്തവരോട് ക്ഷമിക്കണം". പാപ്പ പറഞ്ഞു.

ദൈവസ്‌നേഹത്തില്‍ വസിക്കുകയും, അവിടുത്തോട് നിത്യം സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും വെറുതെ ജീവിതത്തില്‍ ഇരിക്കുവാന്‍ സാധ്യമല്ലെന്നും പാപ്പ പറഞ്ഞു. നിശ്ചലരായി ജീവിതം തീര്‍ക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരല്ല ക്രൈസ്തവരെന്നും, ഊര്‍ജസ്വലരായി മുന്നോട്ട് ജീവിതം നയിക്കേണ്ടവരാണ് ക്രിസ്തുവിശ്വാസികളെന്നും പാപ്പ വ്യക്തമാക്കി. ദൈവക്ഷമ പ്രാപിച്ച നാം, മറ്റുള്ളവരോട് ഇതെ പോലെ തന്നെ പ്രവര്‍ത്തിച്ച്, ജീവിത യാത്രയെ ക്രിസ്തുവിന്റെ വിളിക്ക് യോഗ്യമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.