News - 2025
നേപ്പാളില്‍ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവച്ച് പോലീസും ഭരണകൂടവും രംഗത്ത്;വ്യാജ ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 14-10-2016 - Friday
കാഠ്മണ്ഡു: നേപ്പാളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാരണങ്ങള്‍ കൂടാതെ ക്രൈസ്തവരായ ആളുകളെ നേപ്പാളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ഭരണഘടനയും നിയമങ്ങളും കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നേപ്പാളില്‍ നടന്നുവരികയാണ്.'ക്രിസ്ത്യന്‍ ടുഡേ' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രൈസ്തവരായ ഭരണാധികാരികള്‍ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് നേപ്പാളിലെ വിശ്വാസ സമൂഹം ആവശ്യപ്പെടുന്നത്. മതസ്വാതന്ത്ര്യത്തിനും വ്യക്തിപരമായ ദൈവവിശ്വാസത്തിനും മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ തടയുവാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ കുറ്റത്തിന് സമാനമായ പല വകുപ്പുകളും ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുകൊണ്ട് നടത്തുവാനുള്ള ശ്രമങ്ങള്‍ നേപ്പാളില്‍ നടന്നുവരികയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രൈസ്തവര്‍ക്കു നേരെ നേപ്പാളില്‍ ശക്തമായ പോലീസ് അതിക്രമണമാണ് നടക്കുന്നതെന്ന് നേപ്പാളിലെ മുതിര്‍ന്ന പാസ്റ്ററായ താങ്കാ സുബൈദി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു."ഒരു കാരണവും കൂടാതെയുള്ള അറസ്റ്റുകള്‍ ആണ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്നത്. പുരുഷന്‍മാര്‍ പലരും പോലീസ് പിടിയിലായതോടെ പല ഭവനങ്ങളും ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പണം നല്‍കി മതം മാറ്റുന്നു എന്ന വ്യാജ ആരോപണമാണ് പോലീസും ചില നിക്ഷിപ്ത താല്‍പര്യക്കാരും നടത്തുന്നത്". പാസ്റ്റര്‍ താങ്കാ സുബൈദി പറഞ്ഞു.
ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലേക്ക് പല സ്ഥലങ്ങളില്‍ നിന്നും സഹായ പ്രവാഹം ഒഴുകിയെത്തിയിരുന്നു. ക്രൈസ്തവ സഭകള്‍ തങ്ങളുടെ സഹായം വിവിധ സംഘടനകള്‍ വഴിയാണ് നേപ്പാളിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്ക് നല്‍കിയ സഹായ കിറ്റുകളില്‍ മതംമാറ്റത്തിന് ആഹ്വാനം ചെയ്യുന്ന കാര്‍ട്ടൂണുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പല ക്രൈസ്തവരേയും പോലീസ് പിടികൂടിയിരുന്നു. കൈയില്‍ ബൈബിള്‍ സൂക്ഷിക്കുന്നതു പോലും കൊടുകുറ്റമായിട്ടാണ് നേപ്പാളില്‍ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്.
ക്രൈസ്തവര്‍ നടത്തുന്ന അനാഥാലയങ്ങള്‍ക്കു നേരെയും എന്‍ജിഒ പോലെയുള്ള നിരവധി സംഘടനകള്‍ക്കു നേരെയും നേപ്പാളില്‍ വിവിധ തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പുതിയ ഭരണഘടനയുടെ നിര്‍വചന പ്രകാരം നേപ്പാളില്‍ മതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതോ, ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നതോ കുറ്റകരമാണ്. ക്രൈസ്തവ വിശ്വാസത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നതിനെ തടയുവാനാണ് ഇത്തരം ഒരു പ്രത്യേക നിയമം കൊണ്ടുവരുന്നതെന്ന കാര്യം വ്യക്തമാണ്.
28 മില്യണില്‍ അധികം ജനസംഖ്യയുള്ള രാജ്യമാണ് നേപ്പാള്‍. ഇതില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവരുടെ എണ്ണം. പുതിയതായി രൂപീകരിക്കുന്ന ഭരണഘടനയില്‍ സനാധന ധര്‍മ്മത്തെ പറ്റി വ്യക്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഹൈന്ദവ മതവിശ്വാസത്തിന്റെ ഭാഗമാണ് സനാധന ധര്‍മ്മം. പാക്കിസ്ഥാനെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റിയതു പോലെ നേപ്പാളിനെ ഒരു ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തപ്പെടുന്നതെന്ന കാര്യം ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുമ്പോഴും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ നേപ്പാളിലെ വിശ്വാസ സമൂഹം ശ്രദ്ധിക്കുന്നുണ്ട്.
