News - 2025
നെതര്‍ലെന്‍ഡില്‍ പുതിയ നിയമ ശുപാര്‍ശ: ജീവിതത്തില്‍ ഇനിയൊന്നും ചെയ്തു തീര്‍ക്കുവാന്‍ ബാക്കിയില്ലെന്ന് കരുതുന്നവരെ ദയാവധത്തിന് അനുവദിക്കണം
സ്വന്തം ലേഖകന്‍ 17-10-2016 - Monday
ആംസ്റ്റര്‍ഡാം: വളരെ വിചിത്രമായ ഒരു നിയമത്തിന് അംഗീകാരം നല്‍കണമെന്ന വിവാദ തീരുമാനം പാര്‍ലമെന്റിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് നെതര്‍ലെന്‍ഡ് സര്‍ക്കാര്‍. ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി കരുതുന്നവര്‍ക്ക് ദയാവധത്തിലൂടെ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ അവകാശം നല്‍കുമെന്നാണ് ഈ കരട് നിയമം പറയുന്നത്. ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ കരട് നിയമം.
ആരോഗ്യമന്ത്രിയും, നിയമമന്ത്രിയും ഇതിനോടകം തന്നെ വിവാദമായ ഈ നിയമശുപാര്‍ശയെ പിന്‍തുണയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരമൊരു നിയമം രാജ്യത്ത് അനിവാര്യമാണെന്ന് പാര്‍ലമെന്റിന് അയച്ച കത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. രോഗംമൂലം ദുരിതം അനുഭവിക്കുന്നവരെ ദയാവധത്തിന് അനുവദിക്കുന്ന രാജ്യമാണ് നെതര്‍ലെന്‍ഡ്. ജീവിതത്തില്‍ ഇനി ചെയ്തു തീര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ദയാവധത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന ഡോക്ടറുമാരുടെ പ്രവര്‍ത്തിയില്‍ കുറ്റകരമായി ഒന്നുമില്ലെന്നും പുതിയ നിയമം പറയുന്നു.
ദയാവധത്തെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന 'നെതര്‍ലെന്‍ഡ് റൈറ്റ് ടു ഡൈ' അസോസിയേഷന്‍ പോലും പുതിയ നിയമത്തിലെ വ്യവസ്ഥയെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. 2015-ല്‍ മാത്രം അയ്യായിരത്തോളം ദയാവധങ്ങളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. മൊത്തം മരണപ്പെട്ട ആളുകളുടെ നാലു ശതമാനത്തില്‍ അധികമാണ് ഈ സംഖ്യ. ഒരു കാരണവുമില്ലാതെ അളുകള്‍ക്ക് മരിക്കുവാന്‍ വേണ്ടി പുതിയ ഒരു നിയമം കൂടി കൊണ്ടുവരുന്നതോടെ രാജ്യത്ത് ദയാവധത്തിലൂടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടും.
വിവാദങ്ങള്‍ ഉണ്ടായതിനാല്‍ തന്നെ പുതിയ നിയമം പാര്‍ലമെന്റില്‍ പാസാകുവാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏറെ സ്വതന്ത്രമായി ചിന്തിക്കുന്ന നെതര്‍ലെന്‍ഡ് മാധ്യമങ്ങള്‍ പോലും പുതിയ നിയമത്തെ എതിര്‍ക്കുന്നു. ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു. ഒരാള്‍ മരിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുമ്പോള്‍, തീരുമാനം എടുക്കുന്ന വ്യക്തിയെ മാത്രമല്ല അത് ബാധിക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു. ആ വ്യക്തിയുമായി അടുത്ത് ഇടപെടുന്ന എല്ലാവരേയും, അതുപോലെ സമൂഹത്തേയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നും ക്രൈസ്തവ പാര്‍ട്ടികള്‍ വാദിക്കുന്നു. ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്നവര്‍ ഇതിനോടകം തന്നെ ശുപാര്‍ശയെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്.
