News - 2025
തടവുകാരിലേക്ക് സുവിശേഷം പകര്‍ന്നു നല്‍കുന്ന പുതിയ പാഠ്യപദ്ധതി അമേരിക്കന്‍ ജയിലുകളില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നു
സ്വന്തം ലേഖകന്‍ 18-10-2016 - Tuesday
ടെക്‌സാസ്: സ്‌നേഹത്തിന്റെ സുവിശേഷം കലഹമുള്ള ഒരു തടവറയെ ശാന്തിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ കഥയാണ് അമേരിക്കയിലെ ചില ജയിലുകള്‍ ലോകത്തോട് പറയുവാനുള്ളത്. യുഎസിലെ ടെക്‌സാസിനു സമീപമുള്ള അംഗോള ജയില്‍, തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം മൂലം കുപ്രസിദ്ധി ആര്‍ജിച്ച ഒന്നാണ്. ഈ കുപ്രസിദ്ധി മാറ്റുവാനും തടവുകാരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനുമാണ് സൗത്ത് വെസ്റ്റേണ്‍ ബാപ്പിസ്റ്റ് തിയോളജിക്കല്‍ സെമിനാരി ജയിലിനുള്ളില്‍ ഒരു തിയോളജിക്കല്‍ ഡിഗ്രി കോഴ്‌സ് തുടങ്ങിയത്. ഇപ്പോള്‍ ജയിലിലെ അക്രമ സംഭവങ്ങളില്‍ 72 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അംഗോള ജയിലില്‍ ആരംഭിച്ച ഈ പദ്ധതി റോഷ്ഹാര്‍ട്ടനിലുള്ള ഡാരിംഗ്ടണ്‍ ജയിലിലേക്കും ഇപ്പോള്‍ വ്യാപിപിച്ചിരിക്കുകയാണ്. ടെക്‌സാസ് ഗവര്‍ണര്‍ ഡാന്‍ പാട്രിക്, സെനറ്റര്‍ ജോണ്‍ വൈറ്റ്മിയര്‍ തുടങ്ങിയവര്‍ അംഗോള ജയില്‍ നേരില്‍ സന്ദര്‍ശിക്കുകയും തടവുകാര്‍ക്ക് വന്ന മാറ്റത്തില്‍ അത്ഭുതപ്പെടുകയും ചെയ്തു. തിയോളജിക്കല്‍ സെമിനാരി ഡീന്‍ ഡെന്നീ ഔട്രീ ആണ് ബൈബിള്‍ കോഴ്‌സുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നത്.
പലതടവുകാര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണെന്ന് മനസിലാക്കിയ സെമിനാരി അധികൃതര്‍ പ്രത്യേക രീതിയിലുള്ള സിലബസ് ആണ് ബൈബിള്‍ കോഴ്‌സിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടു വര്‍ഷം ഇംഗ്ലീഷും, കണക്കും, മറ്റ് ശാസ്ത്ര, സാമൂഹിക വിഷയങ്ങളും തടവുകാരെ പഠിപ്പിക്കും. ഇതിനു ശേഷമുള്ള രണ്ടു വര്‍ഷമാണ് ബൈബിളിലേക്ക് ആഴത്തില്‍ ഇറങ്ങിയുള്ള പഠനം നടത്തപ്പെടുന്നത്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരു പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തനകനായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. തടവുകാരായ ഇവര്‍ ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശവുമായി മറ്റു പല ജയിലുകളിലും ചെന്ന് പ്രതീക്ഷ നഷ്ടപ്പെട്ടവരോട് സുവിശേഷത്തിന്റെ ദൂത് അറിയിക്കും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന 54-കാരനായ ട്രൂപ്പ് ഫോസ്റ്ററിനെ പോലെ അനേകര്‍ക്ക് പുതിയ ബൈബിള്‍ കോഴ്‌സ് ശാന്തിയും, പ്രത്യാശയും, ദൈവത്തിലുള്ള ആശ്രയവും നല്‍കുന്നു. "എട്ടു വര്‍ഷത്തില്‍ അധികമായി ഞാന്‍ ഏകാന്ത തടവറയിലാണ് കഴിയുന്നത്. ഏറെ നാളുകള്‍ ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. കുട്ടിക്കാലത്ത് കേട്ട യേശുവിനെ കുറിച്ച് ഞാന്‍ ചില സമയങ്ങളില്‍ ചിന്തിക്കുമായിരുന്നു. മുട്ടുകുത്തി നിന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്ക് അവിടുത്തെ സ്‌നേഹം മനസിലാക്കുവാന്‍ സാധിച്ചു. സുവിശേഷത്തെ കുറിച്ച് പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു". ട്രൂപ്പ് ഫോസ്റ്റര്‍ പറഞ്ഞു.
ട്രൂപ്പ് ഫോസ്റ്റര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ ഇന്ന് സുവിശേഷത്തിന്റെ വാഹകരാണ്. തങ്ങളെ പോലെ തന്നെ വിവിധ തടവറകളില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്നവരിലേക്ക് അവര്‍ സുവിശേഷത്തിന്റെ പ്രകാശവുമായി ഇറങ്ങി ചെല്ലുന്നു.
