News - 2025
മോശ കനാന്‍ദേശം വീക്ഷിക്കുവാനായി കയറിയ മലയിലെ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി
സ്വന്തം ലേഖകന്‍ 19-10-2016 - Wednesday
മൗണ്ട് നിബോ: മോശ വാഗ്ദത്ത നാടായ ഇസ്രായേലിനെ നോക്കി കണ്ട മൗണ്ട് നിബോയില്‍ പണിത ദേവാലയം പത്തു വര്‍ഷത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. ദീര്‍ഘനാളായി പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു ഇവിടെ. ചാവുകടലിന്റെ വടക്കെ ഭാഗത്തേക്ക് ദര്‍ശിക്കുന്ന തരത്തിലാണ് ദേവാലയവും, അതിനോട് ചേര്‍ന്നുള്ള ആശ്രമവും മലയുടെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3,300-ല്‍ അധികം അടി ഉയരത്തിലാണ് ദേവാലയം പണിതിരിക്കുന്നത്.
വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ എത്തുന്ന തീര്‍ത്ഥാടകരുടെ ഒരു പ്രധാന കേന്ദ്രമാണ് മൗണ്ട് നിബോയിലുള്ള ഈ ദേവാലയം. പുനര്‍നിര്‍മ്മാണത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി ദേവാലയം വീണ്ടും തുറന്നു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി പറഞ്ഞു. പൗരസ്ത്യസഭകളുടെ പ്രത്യേക ചുമതല വഹിക്കുന്നത് കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രിയാണ്. "ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന ആത്മീയ ചൈതന്യം ജോര്‍ദാനിലേക്കും, അതിലേക്ക് എത്തുന്ന മനുഷ്യസമൂഹത്തിനുമായി നല്‍കപ്പെടുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ക്രിസ്തുവിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രക്കാരാണ് നാം ഒരോരുത്തരുമെന്ന കാര്യവും ഈ സമയം ഞാന്‍ ഓര്‍ക്കുന്നു". കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി ദേവാലയത്തിലെ വിശ്വാസികളോട് പറഞ്ഞു.
ആളുകളെ സ്വീകരിക്കുവാന്‍ ജോര്‍ദാന്‍ ജനത കാണിക്കുന്ന ഉത്സാഹത്തേയും, വിവിധ മതവിശ്വാസികളോടുള്ള തുറന്ന സമീപനത്തേയും കര്‍ദിനാള്‍ സാന്ദ്രി പ്രത്യേകം അഭിനന്ദിച്ചു. ജൂതന്‍മാര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരേ പോലെ പ്രാധാന്യമര്‍ഹിക്കുന്ന പല സ്ഥലങ്ങളും ജോര്‍ദാനിലുണ്ട്. ഇവയുടെ ചരിത്ര പ്രാധാന്യം മനസിലാക്കി ഇത്തരം നിര്‍മ്മിതികളെ സംരക്ഷിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
2000-ല്‍ വിശുദ്ധ നാട് സന്ദര്‍ശിക്കുവാനെത്തിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൗണ്ട് നിബോയിലെ ദേവാലയത്തിലേക്കാണ് ആദ്യം വന്നത്. ഇവിടെ നിന്നുമാണ് അദ്ദേഹം തന്റെ വിശുദ്ധനാട് യാത്ര തുടങ്ങിയത്. 2009-ല്‍ പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമനും ഇവിടെ എത്തി പ്രസംഗം നടത്തിയിട്ടുണ്ട്.
ഫ്രാന്‍സീഷ്യന്‍ സഭയുടെ ആശ്രമമാണ് ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു കേന്ദ്രം. ഇവിടെ എത്തുന്നവര്‍ ആശ്രമവും സന്ദര്‍ശിക്കും. പുരാവസ്തു ഗവേഷകര്‍ നടത്തിയ ഘനനത്തില്‍ നിന്നും 597-ല്‍ സ്ഥാപിച്ച ദേവാലയത്തിന്റെ അടിസ്ഥാന ശിലകളും, മറ്റു ചിലനിര്‍മ്മിതികളും കണ്ടെത്തിയിരുന്നു. പഴയനിയമ പുസ്തകത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. ഇസ്രായേല്‍ ജനത്തെ ചെങ്കടല്‍ വിഭാഗിച്ച് വാഗ്ദത്ത നാട്ടിലേക്ക് നയിച്ച മോശ കനാന്‍ നാട്ടിലേക്ക് പ്രവേശിച്ചിരുന്നില്ല. മോശ മലയുടെ മുകളില്‍ നിന്നും കനാന്‍ ദേശം നോക്കി കാണുക മാത്രമാണ് ചെയ്തത്.
