News - 2025
യുഎസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി മാതാവിനോടുള്ള പ്രത്യേക നൊവേന പ്രാര്‍ത്ഥന നൈറ്റ് ഓഫ് കൊളംമ്പസ് പുറത്തിറക്കി
സ്വന്തം ലേഖകന്‍ 21-10-2016 - Friday
വാഷിംഗ്ടണ്‍ ഡിസി: നവംബര്‍ എട്ടാം തീയതി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ 'നൈറ്റ് ഓഫ് കൊളംമ്പസ്' എന്ന കത്തോലിക്ക സംഘടന മാതാവിനോടുള്ള പ്രത്യേക നൊവേന പ്രാര്‍ത്ഥന പുറത്തിറക്കി. ഒക്ടോബര്‍ 30-ാം തീയതി മുതല്‍ നവംബര്‍ ഏഴാം തീയതി വരെയുള്ള തുടര്‍ച്ചയായ ഒന്‍പതു ദിനങ്ങളിലാണ് നൊവേന ചൊല്ലി പ്രത്യേക മാധ്യസ്ഥം അപേക്ഷിക്കേണ്ടത്. ദൈവമാതാവായ കന്യക മറിയാമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പാലകപുണ്യവതി.
അമേരിക്കയിലെ പ്രഥമ കത്തോലിക്ക ബിഷപ്പായ ജോണ്‍ കരോള്‍ ആണ് 1791-ല്‍ അമേരിക്കയെ മാതാവിന്റെ കരങ്ങളിലേക്ക് പ്രത്യേകമായി സമര്‍പ്പിച്ചത്. ഒരു രൂപത മാത്രമാണ് അന്ന് രാജ്യത്ത് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1846-ല്‍ യുഎസിലെ ബിഷപ്പുമാരെല്ലാവരും ചേര്‍ന്ന് പരിശുദ്ധ അമ്മയെ രാജ്യത്തിന്റെ പാലകപുണ്യവതിയായി പ്രഖ്യാപിക്കുകയായിരുന്നു. മാധ്യസ്ഥ പ്രാര്‍ത്ഥനകളിലൂടെ രാജ്യത്തിനായി സഹായം അഭ്യര്‍ത്ഥിക്കുവാന്‍ യുഎസ് ജനത എന്നും ശരണം പ്രാപിക്കുന്നത് മാതാവിന്റെ വിമലഹൃദയത്തിന്റെ അരികിലേക്കാണ്.
വാഷിംഗ്ടണ്ണില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന 'നാഷണല്‍ ഷൈര്‍ ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷനില്‍' 1959 മുതലാണ് പ്രത്യേക നൊവേന പ്രാര്‍ത്ഥനകള്‍ ആരംഭിക്കുവാന്‍ തുടങ്ങിയത്. അന്നത്തെ വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ പാട്രിക് ഒ. ബൊയ്‌ലിയാണ് ഇത്തരമൊരു പതിവിന് തുടക്കം കുറിക്കുവാനുള്ള അംഗീകാരം നല്‍കിയത്.
അമേരിക്കന്‍ ജനത ശരിയായി പഠനം നടത്തിയ ശേഷമേ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനയോഗിക്കാവു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, നൈറ്റ് ഓഫ് കൊളംമ്പസിന്റെ വിവിധ കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ്, പ്രത്യേക നൊവേന ചെല്ലുകയെന്ന് നൈറ്റ് ഓഫ് കൊളംമ്പസ് സിഇഒ കാള്‍ ആന്റേഴ്‌സണ്‍ അറിയിച്ചു. ശരിയായ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനായി ജനത്തെ പ്രാര്‍ത്ഥ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
