News - 2025

ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കത്തോലിക്ക വിശ്വാസത്തിന് ശക്തമായ വളര്‍ച്ചയാണുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍

സ്വന്തം ലേഖകന്‍ 22-10-2016 - Saturday

ജോവായി: വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭാഗങ്ങളില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ചയാണ് പ്രാപിക്കുന്നതെന്ന് ഗുവാഹത്തി മുന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍. 120 വര്‍ഷത്തോളമായി കത്തോലിക്ക സഭ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് മിഷന്‍ ഡേ അതിന്റെ തൊണ്ണൂറാമത് വാര്‍ഷികം നാളെ ആഘോഷിക്കുവാനിരിക്കുന്ന വേളയില്‍ ആണ്, ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ മാറ്റേഴ്‌സ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ മാധ്യമവുമായി തന്റെ സാക്ഷ്യം പങ്കുവച്ചത്.

ആസാം, മേഘാലയ തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗത്തിലെ ആളുകളും സൈന്യവും തമ്മില്‍ വിവിധ കാരണങ്ങളാല്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളാണ്. സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഇവിടെ നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് ഇവിടെയ്ക്ക് സുവിശേഷം എത്തപ്പെട്ടത്.

വിദേശത്തു നിന്നും വന്നവര്‍ പകര്‍ന്ന സുവിശേഷ വെളിച്ചം ഭാരതത്തിലേ സഭയിലേക്കും, അവിടെ നിന്ന് ഒരോ വ്യക്തികളുടെ കൈകളിലേക്കും കൈമാറപ്പെട്ടതായി ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ പറഞ്ഞു. "ഈ മേഖലയില്‍ ഇന്ന് രണ്ട് മില്യണ്‍ കത്തോലിക്ക യുവാക്കളാണ് ഉള്ളത്. 27.8 മില്യണ്‍ ക്രൈസ്തവരാണ് രാജ്യത്ത് ആകെയുള്ളതെന്നാണ് 2011-ലെ ജനസംഖ്യാ കണക്കെടുപ്പ് പറയുന്നത്. ആ കണക്കുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ യുവാക്കളായ മേഖലയിലെ കത്തോലിക്കരുടെ എണ്ണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

മേഘാലയായുടെ മുന്‍ അപ്പോസ്‌ത്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ പ്രദേശത്തെ വിഘടവാദികളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നവരില്‍ പ്രമുഖനാണ്. ഗോത്രവര്‍ഗ വിഭാഗവുമായി അടുത്ത് ഇടപഴകുവാനും അവരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചം എത്തിക്കുവാനും ആര്‍ച്ച് ബിഷപ്പിന് സാധിച്ചു.

പ്രദേശത്തെ യുവാക്കള്‍ക്ക് വൈദികരായും സന്യസ്ഥരായും പഠനം നടത്തി ദൈവശാസ്ത്രം അഭ്യസിക്കുന്നതിനായി രണ്ട് തിയോളജിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ ഇവിടെയുള്ള സഭയ്ക്ക് സാധിച്ചു. മറ്റൊരു മിഷന്‍ ഡേ കൂടി ആചരിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറെ സന്തോഷത്തോടെയാണ് ഇവിടെയുള്ള വിശ്വാസ സമൂഹം അതിനെ വരവേല്‍ക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ പറഞ്ഞു.


Related Articles »