News - 2025

വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് കാണിക്കുന്ന വിവേചനപരമായ ഗര്‍ഭഛിദ്ര നിയമ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ഹൗസ് ഓഫ് ലോഡ്‌സില്‍ പാസായി

സ്വന്തം ലേഖകന്‍ 22-10-2016 - Saturday

ലണ്ടന്‍: വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് വിവേചനപരമായി പെരുമാറുന്നതിനെ എതിര്‍ക്കുന്ന ബില്‍ ഹൗസ് ഓഫ് ലോഡ്‌സിലെ രണ്ടാം വായനയില്‍ പാസായി. ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ബില്‍ എന്ന പേരിലാണ് പുതിയ ബില്‍ അറിയപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കില്‍, ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ഗര്‍ഭഛിദ്രത്തിലൂടെ ജീവനെ നശിപ്പിക്കുവാന്‍ ഇപ്പോള്‍ യുകെയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരമൊരു നിയമത്തിനെതിരെയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

1967-ല്‍ പാസാക്കിയ ഗര്‍ഭഛിദ്ര നിയമത്തിലെ സെക്ഷന്‍ ഒന്നിന്റെ ഒന്നാം ഭാഗത്തിലെ ഡി വകുപ്പിനെയാണ് ബില്‍ എതിര്‍ക്കുന്നത്. ഈ വകുപ്പ് എടുത്തുമാറ്റണമെന്നും ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സിന്റെ 'വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ തുല്യതാ സംരക്ഷണ ബില്‍' വ്യവസ്ഥ ചെയ്യുന്നു. യുകെയിലെ നിയമ പ്രകാരം ആരോഗ്യമുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിനെ 24 മാസത്തിനു ശേഷം ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുവാന്‍ സാധിക്കില്ല. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് ഒരു വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ജീവനെ നശിപ്പിക്കുന്നതിന് നിയമപ്രകാരം വിലക്കില്ല. ഇത്തരമൊരു നിയമം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ടു തരം നീതിയാണ് നല്‍കുന്നതെന്ന് ലോഡ് ഷിന്‍ക്‌വിങ്‌സ് തന്റെ ബില്ലിലൂടെ സമര്‍ദിക്കുന്നു.

"ഒന്നുകില്‍ നമ്മള്‍ തുല്യതയില്‍ വിശ്വസിക്കണം. അല്ലെങ്കില്‍ തുല്യത എന്ന വ്യവസ്ഥയെ എടുത്ത് മാറ്റണം. ഗര്‍ഭഛിദ്രത്തിനെതിരേയുള്ള ഒരു നിയമം നിര്‍മ്മിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ തുടരുന്ന ഒരു അനീതിയെ ശക്തമായി എതിര്‍ക്കുകയാണ്. അമ്മയുടെ വയറ്റില്‍ വളരുന്ന ഒരു ആരോഗ്യവാനായ കുഞ്ഞും, വൈകല്യമുള്ള കുഞ്ഞും നിയമത്തിന്റെ കണ്ണില്‍ ഒരു പോലെ അല്ലേ ഉള്ളു. അങ്ങനെയിരിക്കേ 24 ആഴ്ച വളര്‍ച്ച പിന്നിട്ട ഒരു കുഞ്ഞിന് നിയമം എല്ലാ സംരക്ഷണവും നല്‍കുമ്പോള്‍, വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കും". ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ഹൗസ് ഓഫ് ലോഡ്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഇത്തരം ഒരു വേര്‍ത്തിരിവിനെ ആരെങ്കിലും ന്യായീകരിക്കുന്നുവെങ്കില്‍, നിറത്തിന്റെയും ലിംഗത്തിന്റെയും മറ്റു പല കാര്യങ്ങളുടെയും പേരില്‍ ലോകത്ത് നടക്കുന്ന വേര്‍ത്തിരുവുകളേയും അവര്‍ അംഗീകരിക്കുമോ എന്നും ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ചോദിച്ചു. ഹൗസ് ഓഫ് ലോഡ്‌സില്‍ പാസായ ബില്‍ നിയമമാക്കുന്നതിന്റെ അടുത്ത ഭരണഘടനാ നടപടികളിലേക്ക് ഇതോടെ കടന്നിരിക്കുകയാണ്.


Related Articles »