News - 2025

സൊമാലിയന്‍ തീവ്രവാദി സംഘടനയായ അല്‍-ഷബാബ് ക്രൈസ്തവരെ ലക്ഷ്യംവച്ചു കെനിയയില്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 26-10-2016 - Wednesday

നെയ്‌റോബി: കെനിയന്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍-ഷബാബ് നടത്തിയ ആക്രമത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. അതീവ്രവാദികള്‍ സൊമാലിയന്‍ അതിര്‍ത്തി കടന്ന് കെനിയയിലെ മാണ്ടേറ കണ്‍ട്രി എന്ന സ്ഥലത്ത് എത്തിയാണ് ആക്രമണം നടത്തിയത്. കെനിയയുടെ വടക്കന്‍ ഭാഗത്ത് സൊമാലിയായുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് മാണ്ടേറ കണ്‍ട്രി. ബിഷാരോ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ആളുകളെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വീടുകളില്‍ തന്നെ നിര്‍മ്മിച്ച സ്‌ഫോടക വസ്തുക്കളും, തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്.

കെനിയന്‍ അഭിനയത്രിയായ വെറോണിക്ക വാമ്പൂയി അത്ഭുതകരമായി ആക്രമണത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപെട്ടു. ഒരു സന്നദ്ധ സംഘടനയുടെ കൂടെ പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരുടെ സംഘം മാണ്ടേറ കണ്‍ട്രിയില്‍ എത്തിയത്. ആക്രമണത്തില്‍ വെറോണിക്കയുടെ ഇടത്തെ കൈയ്ക്കും കാലുകള്‍ക്കും വെടിയുണ്ടകള്‍ തറച്ച് മുറിവ് പറ്റിയിട്ടുണ്ട്. ഭീതിയോടെയാണ് നടന്ന കാര്യങ്ങള്‍ അവര്‍ മാധ്യമങ്ങളോട് വിവരിച്ചത്.

"ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വെടിയൊച്ചകള്‍ കേട്ടപ്പോള്‍ തന്നെ തീവ്രവാദികളുടെ ആക്രമണമാണ് നടക്കുന്നതെന്ന് മനസിലായി. ഒരോ മുറികളിലേക്കും തീവ്രവാദികള്‍ കടന്നുചെല്ലുകയും മുസ്ലീങ്ങളല്ലാത്ത ആളുകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സ്റ്റോര്‍ റൂമില്‍ പോയാണ് ഞാന്‍ ഒളിച്ചിരുന്നത്. ഇവിടെയ്ക്ക് ഒരു ബോംബ് വന്നു വീഴുകയും സ്‌റ്റോര്‍ റൂമിന്റെ ഭിത്തികള്‍ തകരുകയും ചെയ്തു. അവശിഷ്ടങ്ങള്‍ എന്റെ മുകളിലായി വീണു കിടന്നുകൊണ്ടാണ് തീവ്രവാദികള്‍ എന്നെ കാണാതിരുന്നത്". വെറോണിക്ക വാമ്പൂയി പറഞ്ഞു.

ഒരു മാസത്തോളമായി സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടെ സ്‌കൂളുകളില്‍ പുസ്തകം വിതരം ചെയ്യുന്നതിനായി ക്യാമ്പുചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഗസ്റ്റ് ഹൗസിലെ ഒരു കാവല്‍ക്കാരന്‍ തീവ്രവാദികളാല്‍ വധിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തീവ്രവാദികള്‍ പ്രദേശത്ത് ആക്രമണം നടത്തുവാന്‍ സാധ്യയുണ്ടെന്ന് ഏവരും കരുതുകയും ചെയ്തിരുന്നു.

സൊമാലിയായിലെ ഭരണകൂടത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന അല്‍-ഷാബാബിനെ 2011 മുതലാണ് കെനിയ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ആരംഭിച്ചത്. ഇതിനായി കെനിയന്‍ സൈന്യം സൊമാലിയായില്‍ എത്തി തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. അതിര്‍ത്തി പ്രദേശമായ മാണ്ടേറയില്‍ ബസ് തടഞ്ഞുനിര്‍ത്തി അമുസ്ലീങ്ങളായ 28 പേരെ 2014-ല്‍ അല്‍-ഷബാബ് കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സമാനമായ നിരവധി ആക്രമണം ഇവര്‍ ഇതിനു മുമ്പും പിമ്പും നടത്തിയിട്ടുണ്ട്.


Related Articles »