News - 2025

ഗോലിയാത്ത്‌ ജീവിച്ചിരുന്ന ഗത്ത് പട്ടണം ഗവേഷകര്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 28-10-2016 - Friday

ജറുസലേം: മല്ലനായ ഗോലിയാത്ത്‌ ജീവിച്ചിരുന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇസ്രായേലിലെ ബാല്‍-ഇലാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ബൈബിളില്‍ പരാമര്‍ശിക്കുന്ന ഗത്ത് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

സ്ഥലത്തു നിലനിന്നിരുന്ന വലിയ കോട്ടയുടെ ഭാഗങ്ങളും കവാടവും ഗവേഷകര്‍ വേര്‍ത്തിരിച്ച് എടുത്തിട്ടുണ്ട്. ഇസ്രായേല്‍ ജനതയോട് യുദ്ധം ചെയ്തിരുന്ന ഫിലിസ്ത്യന്‍ നഗരമായിരുന്ന ഗത്ത്. ബിസി ഒന്‍പത്-പത്ത് നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായിരുന്ന ഗത്ത്, അയ്യായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ജനസാന്ദ്രത ഏറെയുള്ള നഗരം കൂടിയായിരിന്നു.

2015-ല്‍ ടെല്‍ സാല്‍ഫിറ്റ് എന്ന നഗരത്തില്‍ ഗവേഷകര്‍ നടത്തിയ ഘനനത്തിലൂടെയാണ് ഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. 1948 വരെ ഇവിടെ ഒരു അറബ് ഗ്രാമമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇസ്രായേല്‍ ഒരു രാഷ്ട്രമായി രൂപീകൃതമായതിനു ശേഷമാണ് പലസ്ഥലങ്ങളിലേയും ബൈബിള്‍ പ്രാധാന്യത്തിന്റെ തെളിവുകള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചത്. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അഞ്ച് പാലസ്തീന്‍ നഗരങ്ങളില്‍ ഒന്നാണ് ഗത്തെന്നു ബൈബിളിലെ പരാമര്‍ശങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

ഇസ്രായേല്‍ ജനതയുമായി പലപ്പോഴും യുദ്ധം നടത്തിയ നഗരവാസികളാണ് ഗത്തിലുണ്ടായിരുന്നവര്‍. ദാവീദ് രാജാവും, സോളമന്‍ രാജാവും ഇസ്രായേലിനെ ഭരിച്ച സമയത്താണ് ഗത്ത് ബൈബിള്‍ പരാമര്‍ശത്തിലേക്ക് കൂടുതലായും കടന്നു വരുന്നത്. ജറുസലേമിനും തീരദേശ നഗരമായ അഷ്‌കെലോനും ഇടയിലായിട്ടാണ് ഗത്ത് സ്ഥിതി ചെയ്യുന്നത്.


Related Articles »