News - 2025
ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ആദ്യത്തെ നാണയം യുകെയില്‍ പറത്തിറക്കി; നാണയത്തിന്റെ ചിത്രീകരണം നടത്തിയത് ബിഷപ്പ് ഗ്രിഗറി കാമറോണ്‍
സ്വന്തം ലേഖകന്‍ 28-10-2016 - Friday
ലണ്ടന്‍: ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം യുകെയില്‍ പുറത്തിറക്കി. ചരിത്രത്തിലാദ്യമായിട്ടാണ് ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം യുകെയിലെ റോയല്‍ മിന്റ് പുറത്തിറക്കുന്നത്. ആംഗ്ലിക്കന്‍ ബിഷപ്പായ ഗ്രിഗറി കാമറോണ്‍ ആണ് നാണയത്തിലേ ചിത്രീകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് വന്നിരിക്കുന്ന നാണയം ഏറെ പ്രചാരം നേടുമെന്നാണ് യുകെയിലെ നാണയങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനമായ റോയല്‍ മിന്റ് കണക്കുകൂട്ടുന്നത്.
യേശുക്രിസ്തു ജനിച്ചു കഴിഞ്ഞ ശേഷം കാലിത്തൊഴുത്തിലേക്ക് കാഴ്ച്ചകളുമായി വരുന്ന മൂന്ന് പണ്ഡിതന്‍മാരെയാണ് നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. യിസ്രായേലിന്റെ രാജാവിനെ വണങ്ങുവാന്‍ കിഴക്ക് ഉദയം ചെയ്ത നക്ഷത്രത്തെ പിന്‍തുടര്‍ന്നാണ് മൂന്നു പണ്ഡിതരും കാലിതൊഴുത്തിലേക്ക് എത്തിയത്. പൊന്നും, മൂരും, കുന്തിരിക്കവുമാണ് പണ്ഡിതര്‍ ഉണ്ണിയേശുവിന് കാഴ്ചവച്ചത്. മാതാവിന്റെ മടിയില്‍ ക്രിസ്തു ഇരിക്കുന്നതായും പണ്ഡിതര്‍ അവര്‍ക്കു മുന്നില്‍ മുന്നില്‍ കാഴ്ചകള്‍ സമര്‍പ്പിക്കുന്നതുമാണ് നാണയത്തില്‍ ചിത്രീകരച്ചിരിക്കുന്നത്. 20 പൗണ്ടാണ് നാണയത്തിന്റെ മൂല്യം.
2016-ലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കുറിച്ചുവയ്ക്കുവാനും, 2017-ലെ ആഗ്രഹങ്ങളെ എഴുതിയിടുവാനും കഴിയുന്ന തരത്തിലുള്ള ഒരു പ്രത്യേക കാര്‍ഡിലാണ് നാണയം ലഭിക്കുക. നാണയശേഖരം നടത്തുന്ന വ്യക്തികൂടിയാണ് ബിഷപ്പ് ഗ്രിഗറി കാമറോണ്‍. 2500 വര്‍ഷത്തില്‍ അധികം പഴക്കമുള്ള അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തെ നാണയവും ബിഷപ്പ് ഗ്രിഗറിയുടെ കൈവശമുണ്ട്. നാണയത്തിലേക്ക് ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുവാന്‍ സാധിച്ചത് വലിയ ദൈവകൃപയാണെന്ന് ബിഷപ്പ് ഗ്രിഗറി പറഞ്ഞു. എക്യൂമിനിക്കല്‍ വേദികളില്‍ കാന്റംബറി ആര്‍ച്ച് ബിഷപ്പിനെ പ്രതിനിധീകരിക്കുവാന്‍ നിരവധി തവണ അവസരം ലഭിച്ച വ്യക്തികൂടിയാണ് ബിഷപ്പ് ഗ്രിഗറി.
പുതിയതായി പുറത്തിറക്കിയിരിക്കുന്ന നാണയത്തിന്റെ മൂവായിരം തുട്ടുകള്‍ മാത്രാണ് റോയല്‍ മിന്റ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ശുദ്ധമായ വെള്ളിയിലാണ് നാണയം ഉണ്ടാക്കിയിരിക്കുന്നത്. നാണയത്തിന്റെ മറുവശത്തായി എബിസബത്ത് രാജ്ഞിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. ആദ്യം വാങ്ങുന്ന ആളുകള്‍ക്ക് മാത്രമാകും ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഈ നാണയം ലഭ്യമാകുക.
