News - 2025

മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഇന്റര്‍നെറ്റിലൂടെ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ഫിലിപ്പിയന്‍സിന് പുറത്തുതാമസിക്കുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കി

സ്വന്തം ലേഖകന്‍ 31-10-2016 - Monday

മനില: രാജ്യത്തിന് പുറത്തു താമസിക്കുന്ന ഫിലിപ്പിനോകള്‍ക്ക്, തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇന്റര്‍നെറ്റ് വഴി പ്രത്യേക സംവിധാനം ഒരുക്കി. 'വിര്‍ച്വല്‍ സെമിത്തേരി' എന്ന പേരില്‍ ആണ് ഈ പ്രത്യേക സംവിധാനം അറിയപ്പെടുന്നത്. ഇതിനുള്ള അംഗീകാരം ഫിലിപ്പിയന്‍സ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് നല്‍കി. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ഫിലിപ്പിയന്‍സ് ജനത ഏറെ പ്രാധാന്യത്തോടെ തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. എല്ലാ വിശുദ്ധരുടെയും, എല്ലാ മരിച്ചുപോയവരുടെയും ദിനങ്ങളായി സഭ ആചരിക്കുന്നതും ഇതെ ദിവസമാണ്. ഇരുദിനങ്ങളും ഫിലിപ്പിയന്‍സില്‍ ദേശീയ അവധി കൂടിയാണ്.

ഇന്റര്‍നെറ്റിലെ സൗകര്യത്തിലൂടെ വിദേശത്തുള്ളവര്‍ക്ക്, തങ്ങളുടെ മരിച്ചുപോയവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കുവാന്‍ കഴിയും. 2011-ലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. മരിച്ചുപോയവരുടെ ഓര്‍മ്മയെ പുതുക്കുന്ന ദിനത്തെ 'ഉന്‍ദാസ്' എന്ന പ്രാദേശിക നാമത്തിലാണ് ഫിലിപ്പിയന്‍സ് ജനത ആചരിക്കുന്നത്. തങ്ങളുടെ മരിച്ചു പോയവരുടെ കല്ലറകള്‍ക്ക് സമീപം കുടുംബമായി ചെന്നിരുന്ന് ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ വിശ്വാസികള്‍ ഈ ദിനങ്ങളില്‍ പ്രത്യേകമായി നടത്തും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിനും ഇത് വഴിവയ്ക്കും.

സെമിത്തേരിയിലുള്ള കല്ലറകളുടെ അറ്റകുറ്റപണികള്‍ ഇതിനു മുമ്പേ നടത്തപ്പെടും. മെഴുകുതിരികള്‍ തെളിച്ചുവച്ചും, പൂക്കള്‍ കൊണ്ട് പ്രത്യേക രീതിയില്‍ അലങ്കരിച്ചും കല്ലറകളെ വിശ്വാസികള്‍ മനോഹരമാക്കും. പ്രത്യേക കുര്‍ബാനകളും, പ്രാര്‍ത്ഥനയും ഈ ദിനങ്ങളില്‍ നടത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു ഫിലിപ്പിനോകളാണ് ജീവിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഒരുക്കിയിരിക്കുന്ന സൗകര്യം ഇത്തരക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.


Related Articles »