News - 2025
ഐഎസ് ഭീകരരില്‍ നിന്നും മോചിതമായ ക്വാരഖോഷിലെ ദേവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു
സ്വന്തം ലേഖകന്‍ 31-10-2016 - Monday
മൊസൂള്‍: ഐഎസ് തീവ്രവാദികളുടെ കൈയില്‍ നിന്നും മോചിതമായ ഇറാഖിലെ ദേവാലയത്തില്‍ ഇന്നലെ വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു. ഇറാഖിലെ മൊസൂളിനു സമീപമുള്ള ക്വാരഖോഷിലെ ദേവാലയത്തിലാണു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബലി അര്‍പ്പിച്ചത്. ക്വാരഖോഷില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ നാമത്തിലുള്ള പള്ളിയില്‍ മൊസൂള്‍ അതിരൂപതയുടെ ചുമതല വഹിക്കുന്ന സിറിയന്‍ കാത്തലിക് ആര്‍ച്ച്ബിഷപ്പ് ബൂട്രസ് മൊഷീയാണ് കുര്‍ബാന അര്‍പ്പിച്ചത്.
"ഇന്ന് ക്വാരഖോഷ് സ്വതന്ത്രമാക്കപ്പെട്ടിരിക്കുകയാണ്. ഐഎസിനെ സൈന്യം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവര്‍ നേരിട്ട എല്ലാത്തരം വേര്‍ത്തിരിവുകളും, കഷ്ടതകളും ഇവിടെ അവസാനിക്കുകയാണെന്ന് തന്നെ പ്രതീക്ഷിക്കാം. വ്യക്തികളും, ഭരണാധികാരികളും, രാജ്യങ്ങളും തമ്മിലുള്ള വേര്‍ത്തിരിവ് നാം അവസാനിപ്പിച്ചേ മതിയാകു". ആര്‍ച്ച് ബിഷപ്പ് ബൂട്രസ് മൊഷീ പറഞ്ഞു.
ക്രിസ്തുമതം ആരംഭിച്ചപ്പോള്‍ തന്നെ അതിനെ ആഴത്തില്‍ സ്വീകരിച്ച രാജ്യങ്ങളാണ് ഇറാഖും, സിറിയയും. പിന്നീട് ഇവിടെയ്ക്ക് പല കാലങ്ങളില്‍ വന്ന ഭരണാധികാരികള്‍ ആണ് ക്രൈസ്തവരെ അടിച്ചമര്‍ത്തിയത്. ഇറാഖില്‍ സദാം ഹുസൈന്റെ ഭരണകാലത്തിനു ശേഷം ശക്തമായി വേരുറപ്പിച്ച ഐഎസ്, ക്രൈസ്തവരെ അവരുടെ പൂര്‍വ്വീകരുടെ പല സ്ഥലങ്ങളില്‍ നിന്നും തുരത്തി ഓടിച്ചു. ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി വടക്കന്‍ ഇറാഖിനേയും, കിഴക്കന്‍ സിറിയയേയും ഒരു ഇസ്ലാമിക ഖാലിഫേറ്റായി പ്രഖ്യാപിച്ചത് മൊസൂളിലെ മുസ്ലീം പള്ളിയില്‍വച്ചാണ്.
മൊസൂളിന് 30 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ക്വാരഖോഷ് സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ക്രൈസ്തവ തലസ്ഥാനം എന്നാണ് ഇവിടെ അറിയപ്പെടുന്നത്. മൊസൂള്‍ നഗരം പൂര്‍ണ്ണമായും ഇറാഖി സേന പിടിച്ചടക്കുന്നതോടെ ഐഎസിന്റെ പതനം പൂര്‍ത്തിയാകും. ലക്ഷകണക്കിന് ഇറാഖി ക്രൈസ്തവരാണ് മൊസൂളില്‍ നിന്നും ക്വാരഖോഷില്‍ നിന്നും കുര്‍ദ് മേഖലകളിലേക്ക് ഐഎസിനെ ഭയന്ന് ഓടി പോയത്.
തിരികെ പിടിക്കപ്പെട്ട നഗരങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ എല്ലാം തീയിട്ട് നശിപ്പിച്ച അവസ്ഥയിലായിരുന്നു. പള്ളിമണികളും, കുരിശുകളും തീവ്രവാദികള്‍ തകര്‍ത്തു. അള്‍ത്താരയിലെ വസ്തുക്കള്‍ എല്ലാം നശിപ്പിക്കപ്പെട്ടു. ദേവാലയങ്ങളുടെ ഭിത്തികള്‍ മുഴുവനും തീയിട്ടതിന്റെ കറുത്ത പാടുകളും കാണുവാന്‍ കഴിയും. ഇറാഖി സേനയിലെ തന്നെ ക്രൈസ്തവരായ പോരാളികളാണ് അള്‍ത്താരയില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചത്. തകര്‍ക്കപ്പെട്ട കുരിശുകള്‍ക്ക് പകരം താല്‍ക്കാലികമായി നിര്‍മ്മിച്ച കുരിശുകളും ദേവാലയത്തില്‍ സ്ഥാപിച്ചു.
തങ്ങളുടെ സ്വന്തം മണ്ണിലേക്ക് തിരികെ വരുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് വിശ്വാസികള്‍ പ്രതികരിച്ചത്. ചരിത്രത്തില്‍ പലഘട്ടങ്ങളിലും പ്രയാസങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തങ്ങളുടെ പട്ടണങ്ങളില്‍ നിന്നും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഒഴിപ്പിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ഞായറാഴ്ച വിശുദ്ധ ബലി അര്‍പ്പിച്ച ശേഷം സൈനികര്‍ രണ്ടു വൃദ്ധരായ സ്ത്രീകളെ പള്ളിക്കു സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ഐഎസ് നഗരം കീഴ്‌പ്പെടുത്തിയപ്പോള്‍, വാര്‍ദ്ധിക്യം മൂലം അവര്‍ക്ക് ഇവിടെ നിന്നും രക്ഷപെടുവാന്‍ സാധിച്ചിരുന്നില്ല. തീവ്രവാദികള്‍ വല്ലപ്പോഴും ഭക്ഷണം നല്‍കിയിരുന്നതായി ഇവര്‍ പറഞ്ഞു. തകര്‍ന്ന നഗരം ഉടന്‍ തന്നെ പുനര്‍നിര്‍മ്മിച്ച് വീണ്ടും താമസം ആരംഭിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനത.
