News - 2025
മാര്‍ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ഇന്ന്‍
സ്വന്തം ലേഖകന്‍ 01-11-2016 - Tuesday
വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോൺ.സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം വത്തിക്കാനിൽ ഇന്നു രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30) നടക്കും. സെന്റ് പോൾ മേജർ ബസിലിക്കയിൽ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാർദോ സാന്ദ്രി സന്ദേശം നല്കും. പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാര്‍മ്മികരാകും.
ഇന്ത്യയിലെ കത്തോ ലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആശംസകളർപ്പിക്കും. ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മെത്രാഭിഷേക ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ശാലോം യൂറോപ്പ് ചാനലില്‍ ലഭ്യമാകും.
