News - 2025

കഴിഞ്ഞ കാലങ്ങളിലെ ഭിന്നതകള്‍ മനസിലാക്കി പുതിയ ഐക്യത്തോടെ കത്തോലിക്കരും ലൂഥറന്‍ സഭാംഗങ്ങളും പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 01-11-2016 - Tuesday

ലൂണ്ട് (സ്വീഡന്‍): കത്തോലിക്ക വിശ്വാസികളും, ലൂഥറന്‍ സഭാ വിശ്വാസികളും കഴിഞ്ഞ കാലങ്ങളില്‍ വന്നു പോയ തെറ്റുകള്‍ മനസിലാക്കി പരസ്പര ധാരണയോടും, ഐക്യത്തോടും കൂടി പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 26 മണിക്കൂര്‍ മാത്രം നീണ്ടു നിന്ന സ്വീഡനിലേക്കുള്ള തന്റെ അപ്പോസ്‌ത്തോലിക സന്ദര്‍ശനത്തിനിടെ ലൂണ്ടിലെ ലൂഥറന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയില്‍ സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് സഭാ ഐക്യത്തെ കുറിച്ച് എടുത്ത് പറഞ്ഞത്.

മുന്‍ കാലങ്ങളിലേക്ക് തിരഞ്ഞു നോക്കുമ്പോള്‍ സഭകള്‍ തമ്മില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും, വിവിധ വിഷയങ്ങളില്‍ ഭിന്നിപ്പുകളും ഉണ്ടായിരുന്നുവെന്ന കാര്യം ഒരു വസ്തുതയായി നിലനില്‍ക്കുന്നുവെന്ന് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം തര്‍ക്കങ്ങള്‍ പരസ്പരം മനസിലാക്കുന്നതിനും ദൈവവചനത്തിന്റെ സാക്ഷികളായി ഒരുമയോടെ ജീവിക്കുന്നതിനും തടസമായിട്ടുണ്ടെന്നും പാപ്പ ചൂണ്ടികാട്ടി. ഭിന്നിപ്പുകളല്ല ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് അവിടുത്തെ ആത്മാവിന്റെ താല്‍പര്യമെന്നും പാപ്പ വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.

"എന്നില്‍ വസിപ്പിന്‍, ഞാന്‍ നിങ്ങളിലും വസിക്കും എന്നാണ് ക്രിസ്തു നമ്മോടു പറഞ്ഞിരിക്കുന്നത്. തന്റെ കാല്‍വരി യാഗത്തിനു മുമ്പും അവിടുന്ന് ഇത് ആവര്‍ത്തിക്കുന്നു. ഒരുമിച്ചുള്ള വാസം എന്നത് ക്രിസ്തു ആഗ്രഹിക്കുന്ന ഒന്നാണ്. ദൈവത്തിന്റെ തോട്ടത്തിലെ മുന്തിരിവള്ളികളാണ് നാം. പിതാവായ ദൈവത്തിന്റെ ഇഷ്ടമാണ് നമ്മില്‍ നിറവേറേണ്ടത്. ദൈവവുമായി ക്രിസ്തുവിനുണ്ടായിരുന്ന ഐക്യമാണ് അവിടുത്തെ സ്‌നേഹം എല്ലായ്‌പ്പോഴും നമ്മോടു വിളമ്പരം ചെയ്യുന്നത്. ഫലം കായിക്കുന്നവരാകണമെങ്കില്‍ നമ്മുടെ പ്രവര്‍ത്തികളും ഐക്യത്തോടെയാകണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പോലെയുള്ള ഒരു മഹാത്മാവിനെ മുന്നോട്ട് നയിച്ചത് ദൈവവചനത്തിന്റെ ശക്തിയാണെന്ന കാര്യവും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടികാണിച്ചു. തന്റെ ആത്മാവിനെ സന്തോഷിപ്പിക്കുന്ന ദൈവത്തെ എങ്ങനെ കണ്ടെത്താം എന്ന ചിന്തയാണ് അദ്ദേഹത്തെ ക്രിസ്തുവിലേക്ക് നയിച്ചതെന്നും പാപ്പ പറഞ്ഞു. 'നമ്മേ ഒരോരുത്തരേയും ഐക്യത്തിന്റെ സാക്ഷികളാക്കി മാറ്റേണമേ എന്ന് നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. ലോകം ഇതില്‍ നിന്നും ദൈവസ്‌നേഹത്തെ മനസിലാക്കുവാന്‍ ഇടവരണമെന്നും നാം പ്രാര്‍ത്ഥിക്കണം'. പാപ്പ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

"ലൂഥറന്‍ സഭയിലെ അംഗങ്ങളായും, കത്തോലിക്കരായും നിന്നുകൊണ്ടു തന്നെയാണ് നാം ഈ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. ദൈവത്താല്‍ മാത്രമേ നമുക്ക് എല്ലാ കാര്യങ്ങളും സാധിക്കുകയുള്ളു. ദൈവത്തെ കൂടാതെ നമ്മുടെ എല്ലാ പ്രയത്‌നവും വ്യര്‍ത്ഥമാണ്. ദൈവത്തോട് ചേര്‍ന്നു ജീവിക്കുവാനും, അവിടുത്തെ കാരുണ്യത്തിന്റെ വാഹകരാകുവാനും നമുക്ക് സാധിക്കണം". പാപ്പ പറഞ്ഞു.


Related Articles »