News - 2025

ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളെ ഒരുക്കത്തോടെ സ്വീകരിക്കുവാനുള്ള 'ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' എന്ന പ്രത്യേക പദ്ധതിക്ക് കത്തോലിക്ക സഭ തുടക്കം കുറിച്ചു

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

ലണ്ടന്‍: ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് എത്തിയിരിക്കുന്നവര്‍ക്ക് പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും മടങ്ങി പോകുന്നതിനായി യുകെയിലെ കത്തോലിക്ക സഭ പുതിയ പദ്ധതി തയ്യാറാക്കി. 'ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' എന്ന പേരിലാണ് ഈ പ്രത്യേക പദ്ധതി അറിയപ്പെടുന്നത്. ഇതിനായി ഒരു വെബ്‌സൈറ്റും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും സഭയായി ആരംഭിച്ചിട്ടുണ്ട്. രണ്ടായിരത്തില്‍ അധികം വര്‍ഷങ്ങളായി ഇഹലോകത്തില്‍ നിന്നും പ്രത്യാശപൂര്‍വ്വം വിശ്വാസികള്‍ക്ക് വിടവാങ്ങുവാനുള്ള സൗകര്യങ്ങള്‍ സഭ വിവിധ കൂദാശകളിലൂടെ ചെയ്തു നല്‍കുന്നു.

സൗഖ്യമാക്കുവാന്‍ കഴിയാത്ത രീതിയുലുള്ള രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവരേയും, വാര്‍ദ്ധിക്യത്തെ തുടര്‍ന്ന് അവശരായവരേയും പദ്ധതിയിലൂടെ സഹായിക്കുവാനാണ് സഭ ലക്ഷ്യമിടുന്നത്. മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റിലൂടെ ആളുകള്‍ക്ക് പങ്കുവയ്ക്കാം. പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും വിടവാങ്ങുന്നതിനായി വൈദികരും കന്യാസ്ത്രീകളും ഇത്തരം അവസ്ഥയിലുള്ളവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കും.

വെസ്റ്റ്മിനിസ്റ്റര്‍ രൂപതയുടെ ബിഷപ്പായ ജോണ്‍ ഷെറിംഗ്ടണ്‍ 'പ്രീമിയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. "ലോകത്തിലേക്ക് ജനിച്ചുവീണ എല്ലാ മനുഷ്യരും ഒരു നാള്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ മുഖാമുഖം കാണണം. രോഗത്തിലും, ദുരിതത്തിലും മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം അവസ്ഥകളിലുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യാശയോടെ ഇഹലോകവാസം അവസാനിപ്പിക്കുന്നതിനായി നാം അവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കണം. മരണം എന്നത് ഈ ലോകത്തിലെ ജീവിതത്തിന്റെ മാത്രം അവസാനമാണെന്ന സത്യത്തെ ഏവരും മനസിലാക്കണം. പ്രത്യാശയുടെ പുതിയ തീരങ്ങളിലേക്കുള്ള നമ്മുടെ യാത്രയുടെ ആരംഭം മാത്രമണ് ഇത്". ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ വിശദീകരിച്ചു.

' ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' പദ്ധതിയുടെ സേവനം കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, പദ്ധതിയുടെ ഭാഗമാകുവാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സകലവിശുദ്ധരുടെയും തിരുനാളായി സഭ ആഘോഷിച്ച ഇന്നലെയാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.


Related Articles »