News - 2025

പുതിയ കാലഘട്ടത്തിലെ ആറു പുതിയ ഭാഗ്യകരമായ അവസ്ഥയെ തന്റെ സ്വീഡന്‍ സന്ദര്‍ശനത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു നല്‍കി

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

മാല്‍മോ: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍ എന്ന ക്രിസ്തുവിന്റെ വചനത്തെ അടിസ്ഥാനപ്പെടുത്തി, ആറ് പുതിയ പരമാനന്ദകരമായ അവസ്ഥകള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് വിശദീകരിച്ചു നല്‍കി. സ്വീഡനിലെ തന്റെ സന്ദര്‍ശനത്തിനിടെ മാല്‍മോയില്‍ നടത്തപ്പെട്ട വിശുദ്ധ ബലിമധ്യേയാണ് പുതിയ കാലഘട്ടത്തിലെ ഭാഗ്യാവസ്ഥകളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. വിശുദ്ധരുടെ ഏറ്റവും വലിയ തിരിച്ചറിയല്‍ രേഖ ക്രിസ്തു പ്രഖ്യാപിച്ച ഈ ഭാഗ്യാവസ്ഥയാണെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

തിന്മയുടെ മുന്നില്‍ സഹനശക്തിയോടു കൂടി നിന്ന് മറ്റുള്ളവരോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ഉപേക്ഷിക്കപ്പെട്ടവരേയും, പാര്‍ശവല്‍ക്കരിക്കപ്പെട്ടവരേയും കാരുണ്യത്തോടെ നോക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. എല്ലാവരിലും ദൈവത്തെ കാണുകയും, എല്ലാവര്‍ക്കും ദൈവത്തെ കാണുവാനുള്ള അവസരം സൃഷ്ടിച്ചു നല്‍കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാരാണ്.

നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. സ്വന്തം സുഖം മറ്റുള്ളവരുടെ സുഖസൗകര്യങ്ങള്‍ക്കു വേണ്ടി ഉപേക്ഷിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ക്രൈസ്തവ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്.

ക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിലാണ് ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാരാണെന്ന് പറയുന്നത്. സ്വീഡനിലെ വിശുദ്ധരായ എലിസബത്ത് ഹെസല്‍ബ്ലാഡിനേയും വാഡ്സ്റ്റീനയിലെ ബ്രിഡ്ജറ്റിനേയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം ഓര്‍ത്തു. സ്വീഡനിലെ കത്തോലിക്ക സഭയുടെ വൈവിധ്യത്തെ സൂചിപ്പിക്കുന്നതിനായി പ്രാര്‍ത്ഥനകള്‍ ഇംഗ്ലീഷ്, സ്പാനിഷ്, അറബി, പൊളിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളിലാണ് കുര്‍ബാന മധ്യേ ചൊല്ലിയത്.


Related Articles »