News - 2025

ലൂഥറന്‍ സഭയുടെ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തത് ഐക്യത്തിന്റെ സന്ദേശം നല്‍കുക എന്ന ലക്ഷത്തോടെ: ബിഷപ്പ് അന്റോണിയസ് ബഞ്ചമിന്‍ സുബിയാന്‍ന്തോ

സ്വന്തം ലേഖകന്‍ 05-11-2016 - Saturday

ജക്കാര്‍ത്ത: ലൂഥറന്‍ സഭയുടെ നവീകരണത്തിന്റെ 500-ാം വാര്‍ഷികത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ് പാപ്പ എക്യുമെനിക്കല്‍ ബന്ധങ്ങള്‍ക്ക് ശക്തി പകരുക എന്ന സന്ദേശമാണ് നല്‍കിയിട്ടുള്ളൂതന്ന് ഇന്തോനേഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി ബിഷപ്പ് ബഞ്ചമിന്‍ അന്റോണിയസ് സുബിയാന്‍ന്തോ വ്യക്തമാക്കി. പാപ്പയുടെ സന്ദര്‍ശനം, നവോത്ഥാന വാര്‍ഷികം കത്തോലിക്ക വിശ്വാസികള്‍ ആഘോഷിക്കണമെന്ന സന്ദേശമല്ല നല്‍കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വീഡനിലെ ലുണ്ടില്‍ പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പ പങ്കെടുത്തത്.

"ക്രിസ്തുവിന്റെ ശിഷ്യര്‍ എന്ന നിലയില്‍ കത്തോലിക്ക വിശ്വാസികളും, പ്രൊട്ടസ്റ്റന്‍ഡ് വിഭാഗക്കാരും ലോകത്തോട് പ്രസംഗിക്കേണ്ടത് അവിടുത്തെ കാരുണ്യമാണ്. ലോക രക്ഷയ്ക്കായി മനുഷ്യനായി മരിച്ചുയിര്‍ത്ത യേശുവിനെ പറ്റി പ്രഘോഷിക്കുക എന്നത് ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. ഈ യോജിപ്പിന്റെ സന്ദേശത്തെ എല്ലാ വിഭാഗം വിശ്വാസികളിലേക്കും എത്തിക്കുന്നതിനായിട്ടാണ് പാപ്പ സ്വീഡനിലെ പരിപാടിയില്‍ പങ്കെടുത്തത്". ബിഷപ്പ് അന്റോണിയസ് ബഞ്ചമിന്‍ പറഞ്ഞു.

കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍ഡ് സഭകളും രാജ്യത്ത് യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്തോനേഷ്യന്‍ സിനഡ് ഓഫ് പ്രൊട്ടസ്റ്റന്‍ഡ് ചര്‍ച്ചിന്റെ പ്രസിഡന്റായ ഹെന്റിറ്റി ഹുട്ടാബരാട്ട് പറഞ്ഞിരുന്നു. ഹെന്റിറ്റി പറഞ്ഞ വാക്കുകള്‍ സത്യമാണെന്നും ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും വ്യത്യാസം നിലനില്‍ക്കുമ്പോഴും സുവിശേഷത്തിന്റെ സന്ദേശം ആളുകളിലേക്ക് എത്തിക്കുവാന്‍ ഒരുമയോടെയാണ് രാജ്യത്തെ ക്രൈസ്തവ സഭകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് അന്റോണിയസ് വ്യക്തമാക്കി. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയുടെ വാര്‍ഷിക യോഗത്തിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് സഭയുടെ പ്രതിനിധികളെ ക്ഷണിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.


Related Articles »